Connect with us

Kerala

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ ലഹരി ഉപയോഗം പരിശോധിക്കുന്നു

രക്ത സാമ്പിള്‍ ഉള്‍പ്പെടെ പരിശോധനക്ക് ശേഖരിച്ചു

Published

|

Last Updated

കൊച്ചി | ചേന്ദമംഗലത്ത് അയല്‍ വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍ ആക്രമണ സമയം ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധന നടത്തും. പ്രതിയുടെ രക്ത സാമ്പിള്‍ ഉള്‍പ്പെടെ പരിശോധനക്ക് ശേഖരിച്ചു.

പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്നലെ രാത്രി വൈദ്യ പരിശോധനക്ക് കൊണ്ടുപോയിരുന്നു. പ്രതി വളരെ ശാന്തനായാണ് സെല്ലില്‍ കഴിയുന്നത്. ആക്രമണ സ്വഭാവം കാണിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. തന്നെയും വീട്ടുകാരെയും കളിയാക്കിയത് കൊണ്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

കൃത്യം നടത്തിയതിന് ശേഷം ആക്രമണത്തിന് ഇരയായ ജിതിന്റെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്ത് നിന്ന് പോയത്. പിന്നീട് കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി വലിച്ചു. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു. ഇതോടെ കൃത്യം നടത്തിയ കാര്യം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനോട് പ്രതി സമ്മതിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്ത് വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെ വീട്ടില്‍ കയറിയ പ്രതി കൊലപ്പെടുത്തിയത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

 

Latest