Kerala
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിനെതിരായ കുറ്റപത്രം ഇന്ന്
റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നും ആക്രമണ സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം
![](https://assets.sirajlive.com/2025/01/chendamangalam-murder-897x538.jpg)
കൊച്ചി | എറണാകുളം ചേന്ദമംഗലത്ത് റിതു എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ മാസം പതിനഞ്ചിനു നടന്ന നാടിനെ നടുക്കിയ സംഭവത്തില്‍ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാളാണ് ഈ കൃത്യം നിര്‍വഹിച്ചത്. ക്രൂരകൃത്യത്തിന് ശേഷം പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയന്‍.
2021 മുതല്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പോലീസ് ചേന്നമംഗലത്ത് വീട്ടില്‍ എത്തിയിരുന്നു. സംഭവത്തിനു ശേഷം തെല്ലും കുറ്റബോധം ഇല്ലാതിരുന്ന പ്രതി ജിതിനെ കൊല്ലാന്‍ കഴിയാത്തതില്‍ നിരാശനാണെന്ന തരത്തിലാണ് പോലീസിനോടു പ്രതികരിച്ചത്.