Kerala
ചേന്ദമംഗലം കൂട്ടക്കൊലപാതകം; മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും.
കൊച്ചി| എറണാകുളം ചേന്ദമംഗലം കിഴക്കുംപുറത്തെ കൂട്ട കൊലപാതകത്തില്‍ മരിച്ച മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ചേന്ദമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടമാണ് ഇന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുക. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ലഹരിക്ക് അടിമയായ അയല്‍വാസി ഋതു വീട്ടില്‍ കയറി മൂന്ന് പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും. നേരത്തെ മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.