National
ബൈക്കിലെത്തി മാല കവരുന്ന യുവാവിനെ ചെന്നൈ പോലീസ് വെടിവച്ചുകൊന്നു
മുംബൈയില്‍ നിന്നുള്ള കുപ്രസിദ്ധ മാല മോഷ്ടാവാണ് കൊല്ലപ്പെട്ട ജാഫര്‍ ഇറാനി(28) എന്ന് പോലീസ് പറഞ്ഞു

ചെന്നൈ | കവര്‍ച്ചക്കാരനെ തമിഴ്‌നാട് പോലീസ് വെടിവച്ചുകൊന്നു. മുംബൈയില്‍ നിന്നുള്ള കുപ്രസിദ്ധ മാല മോഷ്ടാവാണ് കൊല്ലപ്പെട്ട ജാഫര്‍ ഇറാനി(28) എന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ സംഘം ചെന്നൈയില്‍ ആറോളം യുവതികളുടെ മാലകള്‍ കവര്‍ന്നതായി പോലീസ് പറയുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തി മാല പൊട്ടിച്ച് മുങ്ങുന്ന ഈ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെപ്പുണ്ടായെന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്തതോടെയാണ് ഇയാളെ വെടിവച്ച് വീഴ്ത്തിയതെന്നാണ് തമിഴ്‌നാട് പോലീസ് വിശദമാക്കുന്നത്.
താനെയിലെ അംബിവാലിയുടെ പ്രാന്ത പ്രദേശമായ ഇറാനി ബസ്തി സ്വദേശിയാണ് ഇയാള്‍. എട്ട് പോലീസ് കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതായി പോലീസ് വിശദമാക്കി. ആറ് മാസം മുന്‍പാണ് ഇയാള്‍ മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിമാനമാര്‍ഗം പ്രമുഖ നഗരങ്ങളില്‍ എത്തിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.