Connect with us

National

ചെന്നൈ രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലെ സുന്നി സംഘടനകളുടെ ഭക്ഷണ വിതരണം ജനകീയമാകുന്നു

തമിഴ്നാട് ഘടകം മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് നടത്തുന്ന പദ്ധതി 110 ദിവസം പിന്നിട്ടു. ഇതിനകം ഭക്ഷണം നൽകിയത് 20,000 പേർക്ക്.

Published

|

Last Updated

ചെന്നൈ | തമിഴ്നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് വരുന്ന നിർധന കുടുംബങ്ങളുടെ ആശാ കേന്ദ്രമായ രാജീവ്‌ ഗാന്ധി ഗവ. ആശുപത്രിയിലെ സുന്നി സംഘടനകളുടെ അഭിമുഖ്യത്തിൽ നടത്തിവരുന്ന ഭക്ഷണ വിതരണം ജനകീയമാകുന്നു. ആശുപത്രിയിൽ നിത്യേനെ എത്തുന്ന വളരെ പാവപ്പെട്ട രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും 110 ദിവസങ്ങളായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തികച്ചും സൗജന്യമായാണ് സുന്നി പ്രവർത്തകർ വിതരണം ചെയ്യുന്നത്.

രോഗങ്ങളും പരീക്ഷണങ്ങളും കാരണം പൊറുതിമുട്ടുന്ന സാധാരണക്കാർ ആശ്രയിക്കുന്ന ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലെത്തുന്നവരിൽ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവർ നൂറുകണക്കിന് വരും. അവർക്ക് കഴിക്കാനുള്ള ആഹാരം എങ്കിലും തയ്യാർ ചെയ്തു കൊടുക്കുന്നത് അവരോടുള്ള ഏറ്റവും വലിയ കരുണയുടെ ഭാഗമാണ് എന്ന തിരിച്ചറിവിലാണ് തമിഴ്നാട് ഘടകം മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് സംഘടനകൾ അഭ്യുദയ കാംക്ഷികളുടെ സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത്.

110 ദിവസം പിന്നിട്ട പദ്ധതി പ്രകാരം ഇതിനകം 20,000 പേർക്ക് ഭക്ഷണം നൽകി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സഹകാരികളുടെ സംഭാവനകൾ ആണ് ഏക ആശ്രയം. അന്നദാനം- മഹാദാനം എന്ന പുണ്യ സന്ദേശം ജാതിമതഭേദമന്യേയുള്ള മനുഷ്യ സഹോദരങ്ങൾക്ക് കൈമാറുകയും അവശത അനുഭവിക്കുന്നവർക്ക് ജീവിതത്തിലേക്കുള്ള പുനരധിവാസം സാധ്യമാക്കുകയും ആണ് ഈ സദുദ്യമത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

ഭക്ഷണവിതരണത്തിനു പുറമേ രക്തം ആവശ്യമുള്ളവർക്ക് രക്ത ബേങ്ക് സംവിധാനം, ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ, മറ്റു അടിയന്തര ആതുര സേവനങ്ങളും പ്രസ്ഥാനത്തിനു കീഴിൽ ആസൂത്രണം ചെയ്തുവരുന്നു. എസ് എസ് എഫ് ദേശീയ സെക്രട്ടേറിയേറ്റ് അംഗം കമാലുദ്ധീൻ സഖാഫി, സയ്യിദ് റാഷിദ് ബുഖാരി തങ്ങൾ, മുഹമ്മദ് ഹാജി ഏറാമല, കുഞ്ഞു മുഹമ്മദ് ഹാജി, മുഹമ്മദലി ഹാജി, മുഹ്സിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘമാണ് ഭക്ഷണ വിതരണത്തിന് ചുക്കാൻ പിടിക്കുന്നത്.

Latest