National
നാലാം തോല്‍വിയില്‍ ചെന്നൈ; പഞ്ചാബ് കിങ്‌സിന് 18 റണ്‍സിന്റെ ജയം
220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

മൊഹാലി | ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ഉജ്ജ്വല വിജയം. 18 റണ്‍സിനാണ് ചെന്നൈ പരാജയമറിഞ്ഞത്. ചെന്നൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ശിവം ദുബെ 27 പന്തില്‍ 42 ഉം ധോണി12 പന്തില്‍ 27 റണ്‍സെടുത്തു പുറത്തായി. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് എന്ന നിലയിലെത്തിക്കാന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞു. അവസാന ഓവറില്‍ 28 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ധോണി ആദ്യ പന്തില്‍ തന്നെ പുറത്തായി.
രണ്ടാം പന്തില്‍ വിജയ് ശങ്കര്‍ സിംഗിള്‍ നേടിയതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. ഓപ്പണിംഗ് ബാറ്റര്‍ പ്രിയാന്‍ഷ് ആര്യയുടെ സെഞ്ചുറിയാണ് ടീമിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 42 പന്തുകള്‍ നേരിട്ട താരം 103 റണ്‍സെടുത്തു.
ജയത്തോടെ പോയിന്റ് പട്ടികയില്‍ പഞ്ചാബ് കിംഗ്‌സ് നാലാം സ്ഥാനത്തെത്തി. ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. പ്രിയാന്‍ഷ് ആര്യയെ കളിയിലെ താരമായി തിരഞ്ഞെടുത്തു.