Ongoing News
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തുടർച്ചയായ രണ്ടാം ജയം
ഗുജറാത്ത് ടൈറ്റൻസിനെ 63 റൺസിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്
ചെന്നൈ | രചിൻ രവീന്ദ്രയുടെയും ശിവം ദുബൈയുടെയും ബാറ്റിംഗ് വെടിക്കെട്ട്, അച്ചടക്കമുള്ള ബൗളിംഗ്.. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തുടർച്ചയായ രണ്ടാം ജയം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളുടെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 63 റൺസിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 143 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
31 പന്തിൽ 37 റൺസെടുത്ത സായ് സുദർശൻ മാത്രമാണ് ഗുജറാത്തിന് വേണ്ടി അൽപ്പമെങ്കിലും പൊരുതിയത്. ഡേവിഡ് മില്ലർ (16 പന്തിൽ 21), വൃദ്ധിമാൻ സാഹ (17 പന്തിൽ 21) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (എട്ട്), വിജയ് ശങ്കർ (12), അസ്മത്തുല്ല ഉമർസായ് (11) നിരാശപ്പെടുത്തി. ചെന്നൈക്കായി ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്്മാൻ രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. 23 പന്തിൽ 51 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. രചിൻ രവീന്ദ്ര 20 പന്തിൽ 46 റൺസെടുത്തു.
ഓപണർമാരായ ഋതുരാജ് ഗെയ്ക്്വാദും (36 പന്തിൽ 46) രചിൻ രവീന്ദ്രയും ചേർന്ന് ചെന്നൈക്ക് മിന്നുന്ന തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് സ്‌കോർ 5.2 ഓവറിൽ 62ൽ എത്തിച്ചു. രചിനെ റാശിദ് ഖാന്റെ പന്തിൽ വൃദ്ധിമാൻ സാഹ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. അജിങ്ക്യ രഹാനെയെ (12 പന്തിൽ 12) കൂട്ടുപിടിച്ച് ഋതുരാജ് സ്‌കോർ നൂറ് കടത്തി. രഹാനെ മടങ്ങിയ ശേഷമെത്തിയ ദുബെ ഗുജറാത്ത് ബൗളർമാരെ കടന്നാക്രമിച്ചു. ആദ്യ രണ്ട് പന്തുകളും സിക്‌സർ പറത്തിയായിരുന്നു തുടക്കം. നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലിനൊപ്പം ദുബെ 57 റൺസ് കൂട്ടിച്ചേർത്തു. 19ാം ഓവറിൽ റാശിഖ് ഖാന്റെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് നൽകി ദുബെ മടങ്ങുമ്പോൾ ചെന്നൈ സ്‌കോർ 184. ശേഷമെത്തിയ സമീർ റിസ്‌വി ഐ പി എല്ലിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി കാണികളുടെ കൈയടി വാങ്ങി. അതും റാശിദ് ഖാനെതിരെ. ആറ് പന്തിൽ നിന്ന് താരം 14 റൺസ് നേടി. ഡാരിൽ മിച്ചൽ (20 പന്തിൽ 24), രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ ഏഴ്) പുറത്താകാതെ നിന്നു.
ഗുജറാത്തിനായി റാശിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. സായ് കിഷോർ, സ്‌പെൻസർ ജോൺസൺ, മോഹിത് ശർമ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.