Connect with us

Kerala

ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണ കാരണം തലക്കേറ്റ ക്ഷതം; ഭര്‍ത്താവ് സോണി അറസ്റ്റിലേക്ക്

കല്ലറ തുറന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി

Published

|

Last Updated

ആലപ്പുഴ | മരണത്തിലെ ദുരൂഹത  നീക്കാൻ കല്ലറയില്‍ നിന്ന് പുറത്തെടുത്ത ചേര്‍ത്തലയിലെ വീട്ടമ്മ വി സി സജി (48)യുടെ   മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി.  തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെ പോലീസ് കസ്റ്റഡിയിലായ ഭര്‍ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും. പിതാവിന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് കാട്ടി മകള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പരിശോധനക്കായി മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വി സി സജി (48) ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടത്. വീടിന്റെ സ്റ്റെയര്‍കേസില്‍ നിന്ന് വീണാണ് പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയില്‍ നല്‍കിയ വിവരം. വൈകിട്ട് സംസ്‌കാരവും നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്താതെയായിരുന്നു സംസ്‌കാരം നടത്തിയത്. എന്നാല്‍, പിതാവിന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകള്‍ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

ബലമായി പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചതുള്‍പ്പെടെ അതിക്രൂരമായി അമ്മയെ മര്‍ദിച്ചതായി കാട്ടി ചൊവ്വാഴ്ച രാത്രിയാണ് മകള്‍ മീഷ്മ പിതാവിനെതിരെ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്.  ഗുരുതരമായി പരുക്കേറ്റ് കിടന്നിട്ടും സജിയെ പിതാവ് ആശുപത്രിയിൽ എത്തിച്ചില്ലെന്നും സജി വീടിനകത്ത് ഒന്നരമണിക്കൂറോളം രക്തം വാർന്നു കിടന്നെന്നും മിഷ്മ  മൊഴി നൽകിയിരുന്നു.

സോണിക്ക് ഒരു മകളും മകനുമാണുള്ളത്. ഇവരില്‍ മകന്‍ വിദേശത്താണ്.