Connect with us

Kerala

ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

കണ്ണീര്‍ക്കണങ്ങളില്‍ മഴവില്ല് വിരിയിക്കുന്ന ഇന്ദ്രജാലമാണ് തന്റെ ആത്മകഥാരചനയില്‍ ഇന്ദ്രന്‍സ് പ്രകടിപ്പിയ്ക്കുന്നതെന്ന് സമിതി വിലയിരുത്തി

Published

|

Last Updated

പെരിന്തല്‍മണ്ണ | ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചെറുകാട് അവാര്‍ഡിന് പ്രശസ്ത നടന്‍ ഇന്ദ്രന്‍സിന്റെ ആത്മകഥയായ ‘ഇന്ദ്രധനുസ്സ് ‘തെരഞ്ഞെടുത്തു. പുരോഗമന സാഹിത്യകാരനായിരുന്ന ചെറുകാടിന്റെ പ്രശസ്തമായ ആത്മകഥ, ജീവിതപ്പാതയ്ക്ക് അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ആത്മകഥയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍, ലഭിച്ച അന്‍പതില്‍പ്പരം ആത്മകഥ – ജീവചരിത്ര രചനകളില്‍ നിന്ന് അവാര്‍ഡ് നിര്‍ണയസമിതി ഏകകണ്ഠമായി ഇന്ദ്രന്‍സിന്റെ ‘ഇന്ദ്രധനുസ്സ്’ നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്ണീര്‍ക്കണങ്ങളില്‍ മഴവില്ല് വിരിയിക്കുന്ന ഇന്ദ്രജാലമാണ് തന്റെ ആത്മകഥാരചനയില്‍ ഇന്ദ്രന്‍സ് പ്രകടിപ്പിയ്ക്കുന്നതെന്ന് സമിതി വിലയിരുത്തി. ലോക പ്രശസ്ത ആത്മകഥകളില്‍ ഒന്നായ ചാര്‍ളി ചാപ്ലിന്റെ ആത്മകഥയില്‍ പ്രകടമാകുന്ന തരത്തില്‍ കണ്ണീരിന്റെ ലാവണ്യവും നര്‍മ്മവും ഇന്ദ്രധനുസ്സില്‍ വായനക്കാര്‍ അനുഭവിക്കുന്നു. നാട്ടുഭാഷയുടെ ചാരുതയും നാടന്‍ മനുഷ്യരുടെ ജീവിതഗന്ധവും ഈകൃതിയെ വ്യതിരിക്തമാക്കുന്നു എന്നും ജീവിതപ്പാതയുടെ കരുത്തും കാന്തിയും പ്രകടമാക്കുന്നതാണ് അവാര്‍ഡ് കൃതിയെന്നും സമിതി അഭിപ്രായപ്പെട്ടു.

പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍, ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ , കവി ഒ പി സുരേഷ് എന്നിവര്‍ അടങ്ങുന്നതാണ് അവാര്‍ഡ് നിര്‍ണയ സമിതി. ഒക്ടോബര്‍ 28 ന് പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചെറുകാട് അനുസ്മരണത്തില്‍ മന്ത്രി എം ബി രാജേഷ് ഇന്ദ്രന്‍സിന് അവാര്‍ഡ് സമ്മാനിക്കും. മുന്‍ മന്ത്രി കെ കെ ശൈലജ ‘ജീവിതപ്പാത @ 50 ന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി എന്‍ ഗോപീകൃഷ്ണന്‍ ചെറുകാട് സ്മാരക പ്രഭാഷണം നടത്തും. ചെയര്‍മാന്‍ വി ശശികുമാര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജീവിതപ്പാത തമിഴിലേക്ക് മെഴിമാറ്റം ചെയ്ത നിര്‍മ്മാല്യമണിയെ ആദരിക്കും.

അന്‍പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കാണ്. പത്രസമ്മേളനത്തില്‍ മാനേജിങ്ങ് ട്രസ്റ്റി സി വാസുദേവന്‍, ചെയര്‍മാന്‍ വി ശശികുമാര്‍, സെക്രട്ടറി വേണു പാലൂര്‍, കെ പി രമണന്‍, എം കെ ശ്രീധരന്‍ പങ്കെടുത്തു.

 

Latest