fide chess world cup
ചെസ്സ് ലോകകപ്പ് മാഗ്നസ് കാള്‍സണ്; പൊരുതിത്തോറ്റ് പ്രഗ്നാനന്ദ
ഫൈനലില്‍ അടിയറവ് പറഞ്ഞെങ്കിലും തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് 18കാരനായ പ്രഗ്നാനന്ദ അസര്‍ബൈജാനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നത്.
ബാകുർ | ഫിഡെ ചെസ്സ് ലോകകപ്പ് ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്. ഇന്ത്യക്കാരന്‍ ആര്‍ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തിയാണ് കാള്‍സണ്‍ ആദ്യമായി ഫിഡെ ലോകകപ്പില്‍ മുത്തമിട്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം കാള്‍സണ്‍ ജയിക്കുകയും രണ്ടാം ഗെയിം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ കൈകൊടുത്ത് ഇരുവരും മത്സരം അവസാനിപ്പിക്കുകയുമായിരുന്നു.
അസർബൈജാനിലെ ബാകുറിൽ നടന്ന ടൈബ്രേക്കറിലെ ആദ്യ 25+10 മത്സരത്തില്‍ പ്രഗ്നാനന്ദ തോല്‍വി സമ്മതിക്കുകയായിരുന്നു. പ്രഗ്നാനന്ദ കനത്ത പോരാട്ടമാണ് നടത്തിയത്. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചയാളാണ് മാഗ്നസ്. ഇതോടെ ലോകകപ്പ് കിരീടം നേടിയ കാള്‍സണ് 1.1 ലക്ഷം ഡോളര്‍ പാരിതോഷികമായി ലഭിക്കും. പ്രഗ്നാനന്ദക്ക് 80,000 ഡോളറാണ് ലഭിക്കുക.
ഫൈനലില്‍ അടിയറവ് പറഞ്ഞെങ്കിലും തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് 18കാരനായ പ്രഗ്നാനന്ദ അസര്‍ബൈജാനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നലെ നടന്ന ആദ്യ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളിൽ പ്രഗ്നാനന്ദ സമനില പിടിച്ചിരുന്നു. ഇതോടെയാണ് ഇന്ന് ടൈബ്രേക്കര്‍ വേണ്ടിവന്നത്. ലോക രണ്ട്, മൂന്ന് നമ്പറുകാരായ ഹികാരു നകാമുറ, ഫാബിയാനോ കരൗന എന്നിവരെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായിരുന്നു പ്രഗ്നാനന്ദ. ചെസ്സ് ലോകകപ്പിൽ വെള്ളി മെഡൽ ലഭിച്ചതോടെ, ഏറെ പ്രധാനപ്പെട്ട ഫിഡെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ യോഗ്യത നേടാനും പ്രഗ്നാനന്ദക്ക് സാധിച്ചു.