Connect with us

cover story

അധിനിവേശ ഭൂമിയിലെ നെഞ്ചിടിപ്പ്

ഭക്ഷണവും മരുന്നും കിടപ്പാടവുമില്ലാതെ ദുരിതപർവം താണ്ടിയവർ. ഫലസ്തീനിലെ ചുവന്നു തുടുത്ത പച്ച മനുഷ്യർ വേദനതിന്നുകഴിയുന്ന നാൾവഴികൾ ഒന്നൊന്നായി കെട്ടഴിച്ചപ്പോൾ മനം നൊന്തുപോയ ആ പുലർക്കാലത്തെ ഓർക്കുമ്പോൾ ഇന്നും മനസ്സ് വിറങ്ങലിക്കുന്നു. എങ്ങും ജൂതപ്പട്ടാളം റോന്ത് ചുറ്റുന്നു. യുദ്ധടാങ്കറുകൾ എവിടെയും കാണാം.

Published

|

Last Updated

ഒട്ടേറെ പ്രവാചകന്മാരടക്കം പൂർവസൂരികളുടെ പാദസ്പർശമേറ്റ മണ്ണാണ് ഫലസ്തീൻ. ഇന്നും വിശ്വാസി ലോകത്തിന്റെ ആശാകേന്ദ്രങ്ങളിലൊന്ന്. വിശ്വാസിയുടെ പ്രഥമ ഖിബ്്ലയായ ബൈത്തുൽ മുഖദ്ദസ് അവിടെയാണ്. ഇബ്റാഹിം നബി (അ) യും ഇസ്ഹാഖ് നബി (അ) യും മൂസാ നബി (അ) യും യൂസുഫ് നബി (അ) യും അവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. യാക്കൂബ് നബി (അ) യും ദാവൂദ് നബി (അ) യും മറിയംബീവിയും(റ) വിശ്വാസികൾക്ക് തണലായി അവിടെയുണ്ട്. ഇമാം ശാഫി(റ)യുടെ ജന്മദേശം അവിടെയാണ്. ഇത് കൊണ്ടൊക്കെത്തന്നെ പുണ്യതീർഥാടകരുടെ പറുദീസകളിലൊന്നാണ് ഫലസ്തീൻ. ഏത് സമയത്തും ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. അങ്ങനെയൊക്കെയാണെങ്കിലും വിശ്വാസികളുടെ നൊമ്പരമാണ് ഫലസ്തീൻ. കരളലിയിപ്പിക്കുന്ന വാർത്തകളാണ് എക്കാലവും അവിടുന്ന് കേൾക്കാറുള്ളത്. ഇന്നും അതു തുടരുന്നു. കൂടപ്പിറപ്പീങ്ങൾ നഷ്ടപ്പെട്ട് നിരാലംബരായവർ. ഭക്ഷണവും മരുന്നും കിടപ്പാടവുമില്ലാതെ ദുരിതപർവം താണ്ടിയവർ!. ഫലസ്തീനിലെ ചുവന്നു തുടുത്ത പച്ച മനുഷ്യർ വേദനതിന്നു കഴിയുന്ന നാൾവഴികൾ ഒന്നൊന്നായി കെട്ടഴിച്ചപ്പോൾ മനം നൊന്തു പോയ ആ പുലർക്കാലത്തെ ഓർക്കുമ്പോൾ ഇന്നും മനസ്സ് വിറങ്ങലിക്കുന്നു.

2015 നവംബർ 9 ന് ജോർദാൻ -ഇസ്റാഈൽ അതിർത്തിയിലെ എമിഗ്രേഷൻ കടമ്പകൾ കഴിഞ്ഞ് രാത്രി സമയത്താണ് ഞങ്ങൾ 48 അംഗ സംഘം ഇസ്റാഈൽ അധിനിവേശ ഫലസ്തീനിലെത്തുന്നത്. റോഡിന്റെ ഒരു വശം ഫലസ്തീൻ ഭരണ പ്രദേശമാണെങ്കിൽ, മറുവശം ഇസ്റാഈൽ അധിനിവേശ ഭൂമി. യാത്രയിലുടനീളം ഇതാണവസ്ഥ. എങ്ങും ജൂതപ്പട്ടാളം റോന്ത് ചുറ്റുന്നു. യുദ്ധടാങ്കറുകൾ എവിടെയും കാണാം. ഇസ്റാഈല്യർക്ക് ലോകത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടത്രെ!. ഫലസ്തീനികൾക്ക് അത് പറ്റില്ല. ഫലസ്തീനികൾ അക്രമകാരികളെന്ന് വരുത്തി അവർക്ക് നേരെ കാഞ്ചി വലിക്കുക എന്നത് ഇസ്റാഈൽ സൈന്യത്തിന്റെ ഒരു ഹോബിയാണ്!. ബത് ലഹേമിലെ ഹോട്ടലിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയത്. അവിടെയെത്തിയ ഉടൻ സുബ്ഹി നിസ്കാരത്തിനു പോകാൻ പറ്റിയ പള്ളിയന്വേഷിക്കുകയാണ്, സംഘത്തിലെ നേതൃത്വങ്ങളിലൊരാളായ ഡോ. അബ്ദുൽഹകീം അസ്ഹരി. സമയം രാത്രി 11 മണി. സംഘർഷ ഭൂമിയിലെ പേടിപ്പെടുത്തുന്നതും മൂകത തളം കെട്ടി നിൽക്കുന്നതുമായ നേരത്ത് ഒരന്യനാട്ടുകാരൻ പള്ളിയന്വേഷിച്ച് ഊടുവഴിയിലൂടെ നടന്നുപോയത് ഹൃദയമിടിപ്പോടെയാണ് ഇന്നുമോർക്കുന്നത്.

2000 ഫലസ്തീൻ കുട്ടികളെ ഇസ്റാഈൽ സേന തട്ടിക്കൊണ്ട്പോയ വാർത്ത വന്ന സമയത്താണീ സംഭവം എന്ന്കൂടി ചിന്തിക്കുമ്പോഴാണ് ഭീതി ഇരട്ടിച്ചത്. ഏകദേശം 300 മീറ്റർ അകലെയുള്ള പള്ളി കണ്ടുപിടിച്ച് തിരിച്ചു വന്നു. യാത്രാംഗങ്ങളോട് സുബ്ഹി നിസ്കാരത്തിന് മസ്ജിദിലെത്താൻ നിർദേശിച്ചാണ് അദ്ദേഹം അൽപ്പം വിശ്രമത്തിലേക്ക് നീങ്ങിയത്. തഹജ്ജുദ് നിസ്കാരവും ഖുർആൻ പാരായണവും ഇസ്്ലാമിക ചരിത്രപുസ്തക വായനയും കഴിഞ്ഞ് സുബ്ഹിയുടെ അര മണിക്കൂർ മുമ്പ് പള്ളിയിലേക്ക്. പള്ളിയിൽ നിന്ന് ഈണത്തിലുയർന്ന ഖുർആൻ പാരായണത്തിന്റെ മധുരധ്വനി മനസ്സിന് കുളിർമയേകി. പള്ളിയിലെത്തിയ തദ്ദേശീയരായ ഫലസ്തീനികൾ അതിഥികളെ കണ്ട് അത്ഭുതം കൂറി. ഫലസ്തീൻ പണ്ഡിതന്റെ നേതൃത്വത്തിൽ സുബ്ഹി നിസ്കരിച്ച ശേഷം യുവപണ്ഡിതനായ ഡോ. അസ്ഹരിക്കാണ് ആ പണ്ഡിതൻ മൈക്ക് കൈമാറിയത്. സ്ഫുടമായ അറബിയിൽ ഫലസ്തീനികളോട് സംവദിച്ച അദ്ദേഹം വിശ്വാസികളുടെ ഐക്യബോധവും സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

അധിനിവേശ ശക്തികളുടെ കിരാതവാഴ്ചയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഫലസ്തീൻ ജനതക്ക് ആശ്വാസത്തിന്റെ കുളിർമഴ ചൊരിഞ്ഞുകൊണ്ടും സമാധാനത്തിനും ഫലസ്തീന്റ വിമോചനത്തിനുമായി മനമുരുകി പ്രാർഥിച്ചുകൊണ്ടുമാണ് ഡോ. അസ്ഹരി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. പ്രസംഗാനന്തരം തന്റെ ചുറ്റും കൂടിയ ഫലസ്തീനികൾ പരസ്പരം ആലിംഗനം ചെയ്യാനും സ്നേഹവായ്പുകൾ ചൊരിയാനും മത്സരിക്കുകയായിരുന്നു. ചായ സൽക്കാരത്തിന് ക്ഷണിച്ചെങ്കിലും തൊട്ടടുത്ത ദിവസമാകാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിയുകയുണ്ടായി. പിറ്റെ ദിവസവും സുബ്ഹിക്കെത്തിയപ്പോൾ അന്നത്തെ നിസ്കാര നേതൃത്വവും പ്രഭാഷണവും ഞങ്ങളുടെ നായകന് കൈമാറുകയും ചായയും മധുരങ്ങളും നൽകി ഞങ്ങളെ സൽക്കരിക്കുകയുമുണ്ടായി. ഇന്ത്യൻ ജനതയുടെ ഐക്യബോധത്തെയും സമാധാന ചിന്തയെയും ഫലസ്തീനികൾ മുക്തകണ്ഠം പ്രശംസിച്ചു. ശൈഖ് അബൂബക്കറിന്റെ സേവന തത്പരതയും മർകസിന്റെ വിദ്യാഭ്യാസ മുന്നേറ്റവും അവരെ വലിയ രീതിയിൽ ആകർഷിച്ചു. സ്നേഹത്തിന്റെ വാതായനങ്ങൾ തുറക്കുമ്പോഴും നിരാശയുടെ കാർമേഘങ്ങൾ അവിടം ഉരുണ്ടു കൂടിയിരുന്നു. മുകളിൽ സൂചിപ്പിച്ചപോലെ സ്വന്തക്കാർ നഷ്ടപ്പെട്ടതിന്റെ നിരാശാബോധമണവരിൽ പലർക്കും. നീതിയുടെ സംസ്ഥാപനത്തിനായി രക്തസാക്ഷിത്വം വരിച്ചത്, നഷ്ടമാവില്ലെന്ന പ്രതീക്ഷയും അവർക്കുണ്ട്.

തുടർന്ന് ഇബ്റാഹിം നബി(അ) അന്ത്യവിശ്രമംകൊളുന്ന ഖലീൽ സിറ്റി ലക്ഷ്യംവെച്ചായിരുന്നു യാത്ര. പൂർവസൂരികളുടെ സ്മരണകളയവിറക്കിയും ദിക്റിന്റെ മന്ത്രധ്വനികളുരുവിട്ടും ആകാംക്ഷാഭരിതമായ യാത്രക്ക് പക്ഷെ, വഴിയിൽ വിലക്കു വന്നു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സംഘർഷഭരിതമായ അവസ്ഥയാണത്രെ അവിടെ. അവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ഇസ്റാഈൽ സേന. നിരാശയോടെ മടങ്ങിയ സംഘം കുറുക്കുവഴി തേടി ഏതാനും കിലോമീറ്റർ കാൽ നടയായി ഖലീൽസിറ്റിയിലെത്തി പുണ്യമഖ്ബറകൾ സിയാറത്ത് ചെയ്തു. ഏതാനും സമയങ്ങൾക്കുള്ളിൽ അറിയിപ്പുവന്നു: ഫലസ്തീനികളുടെ ഒരു പ്രതിഷേധ പ്രകടനം വരുന്നുണ്ട്. അതിനു മുമ്പായി എല്ലാവരും അവിടുന്ന് പുറത്ത് പോകണമെന്ന്. ചരിത്രഭൂമിയിലൂടെയുള്ള സഞ്ചാരത്തിൽ മറ്റൊരു വെല്ലുവിളിയായിരുന്നു അത്. സംഘർഷത്തിന്റെ തീച്ചൂളയിലും വിശുദ്ധമായ ബൈത്തുൽ മുഖദ്ദസിൽ രണ്ട് മണിക്കൂർ സമയം ഞങ്ങൾക്ക് ചെലവഴിക്കാനായി എന്നത് വലിയ നേട്ടം.
കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സ്വന്തം ഭൂമിയിൽ ശ്വാസംമുട്ടിക്കഴിയുകയാണ് ഫലസ്തീൻ ജനത. വീടുകളിൽ നിന്ന് പലരും കുടിയിറക്കപ്പെട്ടു. സ്വന്തക്കാർ പലരും മരിച്ചുവീണു. മാനുഷിക മൂല്യങ്ങൾ തകർത്തും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയും സിയോണിസം അരങ്ങു തകർക്കുമ്പോൾ ഫലസ്തീൻ വിമോചനം ഒരു മരീചികയായി മാറുകയാണ്.
.

Latest