asian games 2023
ഏഷ്യന്‍ ഗെയിംസില്‍ ഛേത്രിപ്പടക്ക് വിജയത്തുടക്കം
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്.
ഹാംഗ്ഴൂ | ഏഷ്യന്‍ ഗെയിംസിലെ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പട പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്.
ഗോള്‍രഹിത സമനിലയുമായി മുന്നേറിയ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ ഇന്ത്യക്ക് ഭാഗ്യം ലഭിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രി ബംഗ്ലാദേശിന്റെ വല കുലുക്കി.
83ാം മിനുട്ടില്‍ ഇന്ത്യന്‍ താരം മിരന്ദയും ബംഗ്ലാ താരം റഹ്മതും ബോളിന് വേണ്ടി ബംഗ്ലാദേശിന്റെ ബോക്‌സില്‍ പൊരുതുകയും റഹ്മതിൻ്റെ കിക്ക് ഫൗള്‍ ആകുകയുമായിരുന്നു. റഫറി ഉടനെ ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ബംഗ്ലാ ഗോളി മിതുലിനെ കാഴ്ചക്കാരനാക്കി ഛേത്രി അത് ഗോളാക്കുകയും ചെയ്തു. നാല് മിനുട്ട് അധിക സമയം ലഭിച്ചെങ്കിലും ബംഗ്ലാദേശിന് നിരാശയായിരുന്നു ഫലം.
മൂന്ന് മാറ്റങ്ങളുമായാണ് കോച്ച് ഇഗോര്‍ സ്റ്റിമക്ക് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഗോളി ഗുര്‍മീതിന് പകരം ധീരജിനെ ഇറക്കിയതാണ് ഇതില്‍ പ്രധാനം. റഹീം അലി, സുമിത് രതി എന്നിവര്‍ക്ക് പകരം രോഹിത് ഡാനു, ചിംഗ്ലാന്‍സന എന്നിവരെ ഉള്‍പ്പെടുത്തി. മലയാളി കെ പി രാഹുലും ടീമിലുണ്ട്.