Kerala
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതർക്ക് ജയം
ശനിയാഴ്ച രാവിലെ തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
കോഴിക്കോട് | ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതർക്ക് ജയം. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് 11 അംഗ പാനൽ മത്സരിച്ചത്. ജി.സി. പ്രശാന്ത് ആണ് ചെയർമാൻ.
കോൺഗ്രസ് ജില്ല നേതൃത്വം നിർദേശിച്ച പാനലും കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ബാങ്കിന്റെ നിലവിലെ ചെയർമാൻ പ്രശാന്ത് കുമാർ നേതൃത്വം നൽകുന്ന പാനലും തമ്മിലായിരുന്നു മത്സരം. ഇരുപക്ഷത്തെയും 11 പേർ വീതം 22 ഉം എട്ട് ബി.ജെ.പി പ്രതിനിധികളും ഒരു സ്വതന്ത്രനുമടക്കം 11 അംഗ ഭരണ സമിതിയിലേക്ക് 31 പേരാണ് മത്സരിച്ചത്. 36,000ത്തോളം വോട്ടർമാരിൽ 9000ത്തിൽ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്.
ശനിയാഴ്ച രാവിലെ തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കള്ളവോട്ട് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ പറയഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു വോട്ടെടുപ്പ്.