National
ഛത്തീസ്ഗഡ് എം.എല്‍.എ ദേവവ്രത് സിംഗ് അന്തരിച്ചു
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖൈരാഗഡിലേക്കുള്ള ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണം.
ഛത്തീസ്ഗഡ്| ഛത്തീസ്ഗഡ്എം.എല്‍.എയും മുന്‍ എം.പിയുമായ ദേവവ്രത് സിംഗ് (52)ഹൃദയാഘാതം മൂലം അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖൈരാഗഡിലേക്കുള്ള ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണം സംഭവിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ എം.എല്‍.എക്ക് കൊവിഡ് ബാധിച്ചിരുന്നു. ഖൈരാഗഡിലെ മുന്‍ രാജകുടുംബത്തില്‍പ്പെട്ട ദേവ്വ്രത് നാല് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1995-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി ഖൈരാഗഡില്‍ നിന്നും 1998ല്‍ രണ്ടാം തവണയും അന്നത്തെ അവിഭക്ത മധ്യപ്രദേശില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2000-ല്‍ ഛത്തീസ്ഗഡ് രൂപീകൃതമായ ശേഷം, 2003ല്‍ മൂന്നാം തവണയും സിംഗ് മത്സരിച്ചു വിജയിച്ചു. 2007ല്‍ രാജ്നന്ദ്ഗാവ് പാര്‍ലമെന്റ് സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നെ ഒതുക്കുകയാണെന്ന് ആരോപിച്ച് 2017 ഡിസംബറില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. 2018 ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയായ ജെസിസി (ജെ) യില്‍ ചേര്‍ന്നു. ജെസിസി(ജെ) ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം ഖൈരാഗഡില്‍ നിന്ന് നാലാം തവണയും എം.എല്‍.എയായി.