Connect with us

Kerala

'മിലിട്ടറി'ക്കാരന്റെ ചിക്കന്‍ ഓര്‍ഡര്‍; തലപുകഞ്ഞ് വ്യാപാരികള്‍

Published

|

Last Updated

കോഴിക്കോട് | മിലിട്ടറി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോഴിക്കോട് നഗരത്തിലെ ചിക്കന്‍ സ്റ്റാളുകളില്‍ തട്ടിപ്പ്. തട്ടിപ്പുകാരനെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിക്കന്‍ വ്യാപാരി സമിതി പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഫോണിലൂടെ വിളിച്ച് മിലിട്ടറി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി 25 കിലോയില്‍ കുറയാതെ നല്ല ഇറച്ചി വെട്ടിവെക്കാനാണ് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് പൈസ അക്കൗണ്ടില്‍ അടയ്ക്കാമെന്നു പറഞ്ഞ് ഗൂഗിള്‍ പേ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടും. ഒപ്പം ഫോട്ടോയും പാന്‍കാര്‍ഡ് കോപ്പിയുമൊക്കെ അയച്ചു നല്‍കും. ഇത് വിശ്വസിക്കുന്ന കടക്കാര്‍ ഇറച്ചി വെട്ടിവെക്കും. പക്ഷെ കൊണ്ടുപോകാന്‍ ആരും വരില്ല. ഗൂഗിള്‍ പേ വഴി പണവും ക്രെഡിറ്റാവില്ല. കക്കോടി, കൊമ്മേരി, മാങ്കാവ്, കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് ഇയാള്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരം ചിക്കന്‍ വെട്ടിവെച്ച് വെട്ടിലായത്.

ചില കടക്കാര്‍ക്ക് ഇയാള്‍ തന്റെ അക്കൗണ്ട് വിശദാംശങ്ങളും അയച്ചു നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴി പണം ക്രെഡിറ്റാവുന്നില്ലെന്നും താന്‍ അയച്ച അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചാല്‍ പേയ്മെന്റ് നടത്താന്‍ എളുപ്പമാവുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ വി റഷീദ്, സെക്രട്ടറി പി വി മുസ്തഫ, ജോയിന്റ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവര്‍ പറഞ്ഞു.

 

Latest