goa election
ബി ജെ പി വിരുദ്ധ വോട്ടുകള്‍ തൃണമൂല്‍ ഭിന്നിപ്പിക്കുന്നുവെന്ന് ചിദംബരം; പ്രസ്താവന നടത്തും മുമ്പ് നേതൃത്വത്തോട് അന്വേഷിക്കൂ എന്ന് മഹുവ മൊയ്ത്ര
തൃണമൂലുമായുള്ള സഖ്യം ആത്മഹത്യാപരമായിരിക്കുമെന്നും അവരുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തുമെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പറഞ്ഞ് സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു
ന്യൂഡല്‍ഹി | ഗോവയില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭിന്നിപ്പിക്കുന്നവെന്ന പി ചിദംബരത്തിന്റെ ആരോപണത്തിന് മറുപടിയുമായി മഹുവാ മൊയ്ത്ര. കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ചിദംബരം ഇത്തരം പ്രസ്താവനകള്‍ ഇറക്കും മുമ്പ് നേതൃത്വത്തോട് ചോദിക്കണമെന്നാണ് മഹുവയുടെ മറുപടി. ഗോവ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതല പി ചിദംബരത്തിനാണ്.
ഗോവയില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ തയ്യാറാണെന്നും അതിന് കോണ്‍ഗ്രസിന് മുന്നില്‍ ഓഫര്‍ വെച്ചിട്ടുണ്ടെന്നും മഹുവ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ടു. ഇത് രണ്ട് ആഴ്ച മുമ്പായിരുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തും മുമ്പ് ചിദംബരം ദേശീയ നേതൃത്വത്തോട് ചോദിക്കണമെന്നും മഹുവ പറഞ്ഞു.
എന്നാല്‍, തൃണമൂലുമായുള്ള സഖ്യം ആത്മഹത്യാപരമായിരിക്കുമെന്നും അവരുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തുമെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പറഞ്ഞ് സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ രാഹുലുമായി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ചിദംബരം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ ഈ തീരുമാനം എടുത്തത്.