Kerala
മുഖ്യമന്ത്രിയുടെ മുഖാമുഖം: മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത ശ്രദ്ധയിൽപ്പെടുത്തി ബുഖാരി തങ്ങൾ
ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയും സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം | മലപ്പുറമടക്കമുള്ള മലബാര്‍ ജില്ലകളില്‍ എല്ലാ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹയര്‍സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. കഴിഞ്ഞ വർഷങ്ങളിൽ അലോട്ട്മെന്റ് കഴിഞ്ഞിട്ടും ഒട്ടേറെ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിനായി നെട്ടോട്ടമോടുകയായിരുന്നു. ഇത്തവണ നേരത്തെ പരിഹാരമുണ്ടാക്കി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകയകറ്റണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഉണർത്തി.
മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റ് അപര്യാപ്തതക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി തങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രക്കുള്ള വിമാനക്കൂലിയിലെ വൻ വർധനവ് സ്ത്രീകളടക്കം ആയിരക്കണക്കിന് ഹാജിമാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും നേരത്തെ പ്രഖ്യാപിച്ച തുകയില്‍ 42000 രൂപ കുറച്ചത് ആശ്വാസ്യകരമാണെങ്കിലും ഇപ്പോഴും ഇതര എയര്‍പ്പോര്‍ട്ടുകളെ അപേക്ഷിച്ച് 34000 രൂപ അധികം നല്‍കേണ്ട അവസ്ഥയിലാണെന്നും പ്രസ്തുത വിഷയത്തിലും മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഇനിയും ഉണ്ടാകണമെന്നും ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.
നേരത്തെയും കേന്ദ്ര വ്യാമയാന മന്ത്രാലവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും ഇനിയും അത്തരത്തിലുള്ള ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
മത നിരപേക്ഷത ഉയർത്തിപ്പിടിച്ച് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും വർഗീയ ചേരിതിരിവുകളില്ലാതെ ഒത്തൊരുമിപ്പിച്ച് കൊണ്ടുപോവുന്നതിൽ മുഖ്യമന്ത്രിയും അദ്ധേഹം നേതൃത്വം നൽകുന്ന സർക്കാരും വളരെ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.