Kerala
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ഗവര്‍ണര്‍
വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക ലക്ഷ്യത്തോടെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നും മറുപടി ലഭികകാത്ത സാഹചര്യത്തില്‍ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഗവര്‍ണറുടെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് മറുപടി നല്‍കുന്നതില്‍ നിന്നും ഉദ്യോഗസ്ഥരെ വിലക്കുകയായിരുന്നു
ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വിശദമാക്കി. ചട്ടപ്രകാരം ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ പോകേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നാണ് ഗവര്‍ണറുടെ വാദം.
ഇതിന് പിന്നാലെയാണ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക ലക്ഷ്യത്തോടെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നത്.
മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടത്.