Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യൂ ആര്‍ കോഡ് വഴി പണം നല്‍കേണ്ട; പകരം യുപിഐ ഐഡി
സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നതിനുള്ള ക്യൂ ആര്‍ കോഡ് സംവിധാനം പിന്‍വലിക്കും.ദുരുപയോഗം തടയാന്‍ വേണ്ടിയാണ് ക്യൂ ആര്‍ കോഡ് പിന്‍വലിക്കുന്നത്.സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.ഇതിനായി ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കികൊണ്ടുള്ള സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റെസീപ്റ്റ് ലഭിക്കൂ.
നേരത്തെ ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. ഇത് ദുരുപയോഗപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് അധികൃതര്‍ക്ക് വ്യക്തമായതോടെയാണ് ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും.