Kerala
തുഷാര്‍ ഗാന്ധിക്കെതിരായ സംഘ്പരിവാര്‍ അതിക്രമം; അപലപിച്ച് മുഖ്യമന്ത്രി
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും.

തിരുവനന്തപുരം | മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് തുഷാര്‍ ഗാന്ധിയുടെ സന്ദര്‍ശനം. അപ്പോഴാണ് ആര്‍ എസ് എസിന്റെ പരസ്യമായ കടന്നാക്രമണം. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതു പോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ക്കല ശിവഗിരിയിലെ ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനത്തിനുമായാണ് തുഷാര്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. രാജ്യത്തിന്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദം ബാധിക്കുന്നതായി പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു. വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്ന നമ്മുടെ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് സംഘ്പരിവാര്‍. അതിക്രമത്തെ വകവെയ്ക്കാതെയും പ്രകോപിതനാവാതെയും ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാര്‍ ഗാന്ധി ചെയ്തത്.