Kerala
കേന്ദ്ര സര്‍ക്കാറിനെതിരായ സമരത്തില്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി; യു ഡി എഫില്‍ ആലോചിച്ച് നിലപാടെന്ന് മറുപടി
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിച്ചെടുക്കാത്തതും പ്രതിസന്ധിക്ക് മറ്റൊരു കാരണമാണെന്ന് വി ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു

തിരുവനന്തപുരം | പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ . കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ മുഖ്യമന്ത്രി ക്ഷണിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ക്ഷണം. യുഡിഎഫില്‍ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ പിന്തുണ വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുകയാണെന്നും അര്‍ഹത വിഹിതം പോലും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് സമരത്തിന് തീരുമാനിച്ചത്.
അവസാന പാദത്തില്‍പ്പോലും കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളെ തകടികം മറിക്കുന്നതിനെതിരെ യോജിച്ചുള്ള സമരം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിച്ചെടുക്കാത്തതും പ്രതിസന്ധിക്ക് മറ്റൊരു കാരണമാണെന്ന് വി ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ചുള്ള നീക്കത്തിന് സാധ്യത തേടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നിയമപോരാട്ടത്തിലും പ്രതിപക്ഷ പിന്തുണ വേണമെന്നാണ് പിണറായി സര്‍ക്കാറിന്റെ നിലപാട്.