National
ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനം; നിയമസഭാ കക്ഷി യോഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന്
മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്
ഷിംല | ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉടനുണ്ടാകും. ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് ലഭിക്കും. എംഎല്‍എമാരില്‍ നിന്ന് തന്നെ ഒരാളെ മുഖ്യമന്ത്രിയായി തിരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച പ്രതിഭാ സിംഗിന്റെ മകന് കാര്യമായ പ്രാതിനിധ്യം മന്ത്രി സഭയില്‍ ഉണ്ടാകും. അതേ സമയം തിളക്കമാര്‍ന്ന വിജയം നേടിയ കോണ്‍ഗ്രസിന്റെ വിജയാഹ്‌ളാദം അവസാനിക്കുന്നതിന് മുന്‍പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് കടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്നലെ ചേര്‍ന്നത്.
ഷിംലയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു. മുഖ്യമന്ത്രിയാരാകണമെന്നതില്‍ ആദ്യഘട്ട ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തില്‍ പാസാക്കി. പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. ഇതിന് പിന്നാലെയാണ് പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.