karnataka cm- indian grand mufti
കര്‍ണാടക മുഖ്യമന്ത്രിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും കൂടിക്കാഴ്ച നടത്തി
വിവിധ വിഷയങ്ങളില്‍ നിര്‍മാണാത്മക ചര്‍ച്ച നടന്നതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി അറിയിച്ചു.
ബെംഗളൂരു | കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കൂടിക്കാഴ്ച നടത്തി. കര്‍ണാടക സര്‍ക്കാറിന്റെ വിശിഷ്ടാതിഥിയായാണ് കാന്തപുരം കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുന്നത്. കര്‍ണാടകിയല്‍ സമുദായത്തിന്റെ സമഗ്ര വികസനം, വിവിധ സമുദായങ്ങള്‍ക്കിടയിലെ മൈത്രി, മൗലികാവകാശങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കല്‍ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ നിര്‍മാണാത്മക ചര്‍ച്ച നടന്നതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസ് അറിയിച്ചു.
വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക വികസനത്തിലൂടെയും ന്യൂനപക്ഷ സമുദായങ്ങളെ ശാക്തീകരിക്കാനുള്ള സമഗ്ര പദ്ധതികള്‍ നടപ്പാക്കുന്നതും ചര്‍ച്ചയായി. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉന്നയിച്ച വിഷയങ്ങള്‍ കേള്‍ക്കുന്നതില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അതീവ താത്പര്യമാണ് പ്രകടിപ്പിച്ചത്.
മര്‍കസും നോളജ് സിറ്റിയും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതായും ഓഫീസ് വ്യക്തമാക്കി. ക്ഷണം അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ എസ് എസ് എഫ് കര്‍ണാടക ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.