National
ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
ഉപരാഷ്ട്രപതിയെ കേരളം സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു.
ന്യൂഡല്‍ഹി| മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ചു. ഡല്‍ഹി മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഉപരാഷ്ട്രപതിയെ കേരളം സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു.
സൈനിക സ്‌കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിന്‍സിപ്പാളും അധ്യാപകരും കേരളത്തില്‍ നിന്നാണെന്നും ഉടനെ കേരളം സന്ദര്‍ശിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി ഉപരാഷ്ടപതിയെ പൊന്നാട അണിയിക്കുകയും തെയ്യത്തിന്റെ ഒറ്റത്തടി ശില്‍പം സമ്മാനമായി നല്‍കുകയും ചെയ്തു.
ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.