Connect with us

Kerala

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണഘടനാ വിരുദ്ധമായ ഈ നിയമം ഭരണഘടനക്ക് പകരം മനുസമൃതിയെ പ്രതിഷ്ഠിക്കുന്ന തലച്ചോറില്‍ നിന്ന് വരുന്നതാണ്

Published

|

Last Updated

തിരുവന്തപുരം | പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ചട്ടം തിരഞ്ഞെടുപ്പിന് മുമ്പ് ദൃതി പിടിച്ച് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ഈ നിയമം ഭരണഘടനക്ക് പകരം മനുസമൃതിയെ പ്രതിഷ്ഠിക്കുന്ന തലച്ചോറില്‍ നിന്ന് വരുന്നതാണ്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഈ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ്. സി എ എ ഇന്ത്യ എന്ന ആശയത്തോടുള്ള വെല്ലുവിളിയാണെന്നും ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ് ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന നിയമമാണിത്. ഇന്ത്യന്‍ ഭരണഘടനക്ക് പകരം മനുസമൃതി പ്രതിഷ്ഠിക്കുന്ന തലച്ചോറില്‍ നിന്നാണ് വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്. പൗരത്വ നിയമത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന പ്രയോഗം ആദ്യമായി വന്നത് 2003 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ അനധികൃത കുടിയേറ്റക്കാര്‍ ആരാണെന്നത് നിര്‍വചിക്കപ്പെട്ടത് മതാടിസ്ഥാനത്തില്‍ ആയിരുന്നില്ല. 2019 ലെ ഭേദഗതിയാണ് പൗരത്വം നിര്‍ണയിക്കാനുള്ള അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയതും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയതും കേരളമാണ്. പ്രതിപക്ഷത്തെക്കൂടി അണിനിരത്തി കേരളം ഇതിനെതിരെ സമരം ചെയ്യുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ യോജിച്ച് സമരം ചെയ്ത കോണ്‍ഗ്രസ് പിന്നീട് നിലപാട് മാറ്റിയെന്നും അന്നത്തെ  കെ പി സി സി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

Latest