Connect with us

Kerala

ജയിലെന്ന് കേട്ടാല്‍ പേടിക്കുന്നവരല്ല ഞങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാരുടെ അറസ്റ്റ്

Published

|

Last Updated

കോഴിക്കോട് | രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ എന്ന് കേട്ടാല്‍ പേടിക്കുന്നവരല്ല ഞങ്ങളെന്നും നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിതര നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുകയാണ്. കെജ് രിവാളിന്റെ കേസ് ഇതിന് ഉദാഹരണമാണെന്നും കേരളത്തിലും കോണ്‍ഗ്രസ് ഇത് ശക്തമായി തുടരുകയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാരുടെ അറസ്റ്റെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളെ അന്വേഷണ ഏജന്‍സികള്‍ വലവീശിപ്പിടിക്കുകയാണ്. അത് വഴി അവരെ അഴിമതിക്കാരെന്ന് മുദ്രകുത്തുന്നു. ഇത് ബിജെപിയുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണെന്നും എന്ത് കൊണ്ടാണ് കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇത് സംഭവിക്കാത്തതെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത്.