Connect with us

Kerala

എന്‍ സി പിയിലെ മന്ത്രിമാറ്റം വഴങ്ങാതെ മുഖ്യമന്ത്രി; രാജി സന്നദ്ധതയറിയിച്ച് സംസ്ഥാന അധ്യക്ഷന്‍

മുഖ്യമന്ത്രിയുടെ അനിഷ്ടം തുടരുമ്പോള്‍ തോമസ് കെ തോമസിന് മന്ത്രിയാകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പി സി ചാക്കോയുടെ പ്രതികരണം.

Published

|

Last Updated

തിരുവനന്തപുരം | ദേശീയ നേതൃത്വത്തിന്റെ ഇടപപെടലിലും മുഖ്യമന്ത്രി പിണറായി വഴങ്ങാതെ വന്നതോടെ എന്‍ സി പിയിലെ മന്ത്രിമാറ്റ സാധ്യത മങ്ങിയതില്‍ സംസ്ഥാന എന്‍ സി പി നേതൃത്വം കടുത്ത അമര്‍ഷത്തില്‍. അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഒഴിയാന്‍ സന്നദ്ധത അറിയിച്ചാണ് പി സി ചാക്കോ അമര്‍ഷം പ്രകടിപ്പിച്ചത്. ഇക്കാര്യം എന്‍ സി പി നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനിഷ്ടം തുടരുമ്പോള്‍ തോമസ് കെ തോമസിന് മന്ത്രിയാകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പി സി ചാക്കോയുടെ പ്രതികരണം. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള ഡല്‍ഹി ദൗത്യവും പാളിയത് പി സി ചാക്കോയെ നിരാശനാക്കിയിരുന്നു.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പവാര്‍ മുഖേന സി പി എം ദേശീയ നേതാവ് പ്രകാശ് കാരാട്ട് വഴി നടത്തിയ അവസാനവട്ട ശ്രമത്തിലായിരുന്നു ചാക്കോയുടെയും തോമസ് കെ തോമസിന്റെയും പ്രതീക്ഷ. പക്ഷെ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തോമസ് കെ തോമസിനെ കാണാന്‍ പോലും സമ്മതിച്ചിട്ടില്ല. തോമസ് മന്ത്രിയായില്ലെങ്കില്‍ ശശീന്ദ്രനും വേണ്ടെന്ന ചാക്കോയുടെ അടവും പാളിയിരുന്നു. ഉള്ള മന്ത്രിയെ ഇല്ലാതാക്കുന്നതിനോട് ശരത് പവാറിനും സംസ്ഥാനത്തെ നേതാക്കള്‍ക്കും താത്പര്യമില്ല. ഇതാണ് പി സി ചാക്കോക്ക് തിരിച്ചടിയായത്. മന്ത്രിയെ മാറ്റാനുള്ള അടവുകള്‍ പിഴച്ചതോടെയാണ് ഒടുവില്‍ സ്വയം ഒഴിയാന്‍ ചാക്കോ സന്നദ്ധത അറിയിച്ചത്. അധ്യക്ഷ സ്ഥാനം വിട്ട് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി തുടരാമെന്നാണ് നിലപാട്. രണ്ട് എം എല്‍ എമാരില്‍ ഒരാളും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും ഒപ്പം നില്‍ക്കെ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടും ശശീന്ദ്രനെ വീഴ്ത്താനാകാത്തതാണ് പി സി ചാക്കോയെ നിരാശനാക്കിയത്.

സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാനായില്ലെങ്കില്‍ എന്തിന് സ്ഥാനത്ത് തുടരണമെന്ന ചോദ്യമാണ് പി സി ചാക്കോ നേതാക്കളോട് ഉന്നയിച്ചത്. എതിര്‍ ചേരിയുടെ പുതിയ ദൗത്യവും പൊളിഞ്ഞത് ശശീന്ദ്രന് ആശ്വാസമായിട്ടുണ്ട്. അതേസമയം, പുതിയ നീക്കം ലക്ഷ്യം കാണാത്തതില്‍ തോമസിനെക്കാള്‍ നഷ്ടം ചാക്കോയ്ക്കാണ്.

ദേശീയ നേതൃത്വത്തിന് വിട്ട കാര്യം വീണ്ടും സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്തതും തോമസ് കെ തോമസിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതും ശരിയായില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അസംതൃപ്തിയുള്ളയാളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒപ്പം താന്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നില്ലെന്ന കാമ്പയിന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയിലെ പാളിച്ചകള്‍ പരസ്പരം പറഞ്ഞു തീര്‍ക്കണമായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ തിരുത്താന്‍ ഉള്ളവര്‍ എല്ലാവരും തിരുത്തണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. പി സി ചാക്കോ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമോ എന്ന് പരിശോധിക്കണമെന്നും ശശീന്ദ്രന്‍ പറഞ്ഞു. പി സി ചാക്കോ പ്രതിബന്ധങ്ങളോട് പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും മുന്നണിയോട് അകലുന്ന രാഷ്ട്രീയം സ്വീകരിക്കില്ലെന്നും പ്രതികരിച്ച ശശീന്ദ്രന്‍ തനിക്ക് തോമസ് കെ തോമസിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

Latest