Connect with us

stop drugs

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

മയക്കുമരുന്നിന്റെ സ്രോതസ്സ് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. ഒ ആര്‍ കേളുവിന്റെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ സ്രോതസ്സ് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരാടൊപ്പം ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെയും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായ മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിൽ, ഈ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി തീരേണ്ട വിദ്യാര്‍ഥികളാണ് കോളേജില്‍ ലഹരിസംഘങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മേപ്പാടി കോളേജില്‍ ലഹരിക്കെതിരായ ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് ഡിസംബര്‍ രണ്ടിന് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി. അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ലഹരി ഉപയോഗിക്കുന്ന ചിലരുള്‍പ്പെട്ട സംഘം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണുണ്ടായത്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി അന്വേഷണം നടത്തിവരുന്നു.

‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പങ്കാളിത്തം ഈ സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.