Connect with us

Kerala

പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍

പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി

Published

|

Last Updated

തിരുവനന്തപുരം |  ഭരണപ്രതിപക്ഷ ബഹളത്തിനൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എമാരും ഏറ്റെടുത്തതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തുവരെ എത്തി

സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

മുഖ്യമന്ത്രിക്കെതിരെയും സഭയില്‍ മുദ്രാവാക്യം ഉയര്‍ന്നു. പി വി ക്ക് എന്തിന് പി ആര്‍ ഏജന്‍സി എന്ന് പ്ലക്കാര്‍ഡുമായായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതേ സമയം എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കാറുണ്ടെന്നും സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ല മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ചോദ്യങ്ങള്‍ക്ക് നക്ഷത്ര ചിഹ്നം ഇട്ടതെന്നോ ഇല്ലാത്തതെന്നോ വ്യത്യാസം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കര്‍ ക്ഷുഭിതനായി. അംഗങ്ങളെ ഇരുത്തിച്ചാല്‍ മാത്രം മൈക്ക് തരാമെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ പറഞ്ഞു. ഭീഷണി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

ആരാണ് നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് അങ്ങ് ആ ചോദ്യം ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.സഭയുടെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത അധിക്ഷേപവാക്കുകളാണ് സ്പീക്കറെ കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താന്‍ എന്ന് തെളിയിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

Latest