Kerala
മുഖ്യമന്ത്രി ആര്‍ എസ് എസിന് കീഴടങ്ങി; അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിനെതിരെ കെ സുധാകരന്‍
കള്ളനെ കാവലേല്‍പ്പിച്ചതു പോലെയാണ് കേരള പോലീസിന്റെ അവസ്ഥയെന്നും വിമര്‍ശം
കണ്ണൂര്‍ | എ ഡി ജി പി. അജിത് കുമാറിനെ ഡി ജി പിയായി ഉയര്‍ത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ എസ് എസിന് കീഴടങ്ങിയതു കൊണ്ടാണ് അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന് സുധാകരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകാതിരിക്കണമെങ്കില്‍ ഇതാണ് മാര്‍ഗമെന്നാണ് ആര്‍ എസ് എസ് നല്‍കിയ തിട്ടൂരം. കള്ളനെ കാവലേല്‍പ്പിച്ചതു പോലെയാണ് കേരള പോലീസിന്റെ അവസ്ഥ. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിര്‍മാണം, സ്വര്‍ണം പൊട്ടിക്കല്‍, പൂരം കലക്കല്‍, ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അജിത് കുമാര്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ മാനസപുത്രനെന്ന നിലക്ക് ഇതൊന്നും പ്രൊമോഷന് ബാധകമായില്ലെന്നും അജിത് കുമാറിനെതിരായ എല്ലാ കേസുകളും വൈകാതെ അവസാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ആര്‍ എസ് എസുമായി ബന്ധം സ്ഥാപിക്കാന്‍ അജിത് കുമാറിനെ പ്രോത്സാഹിപ്പിച്ചത് മുഖ്യമന്ത്രിയാണ്. ആര്‍ എസ് എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത് കുമാര്‍. പോലീസ് മേധാവികള്‍ നടത്തുന്ന ഓരോ നീക്കവും മുഖ്യമന്ത്രി കൃത്യമായി അറിഞ്ഞിരിക്കും. എന്നിട്ടും ഒരിക്കല്‍ പോലും അജിത് കുമാറിനെ മുഖ്യമന്ത്രി നിരുത്സാഹപ്പെടുത്തുകയോ തടയുകയോ ചെയ്തിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു.