Kerala
ശബരിമലയില്‍ ഉണ്ടായ എല്ലാ ദുരിതങ്ങളുടെയും കാരണക്കാരന്‍ മുഖ്യമന്ത്രി :വി എം സുധീരന്‍
തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കും സുഖമമായ ദര്‍ശനം സാധ്യമാകുന്നതിനും ദേവസ്വം മന്ത്രി ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കേണ്ടതിന് പകരം നവകേരള സദസ്സില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നത് വിരോധാഭാസമാണെന്ന് സുധീരന്‍ പറഞ്ഞു
പത്തനംതിട്ട | ശബരിമലയില്‍ കാര്യമായ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ഭക്തലക്ഷങ്ങളെ ദുരിതക്കയത്തിലാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നവ കേരള സദസുമായി മന്ത്രിമാരെ കൂട്ടി കറങ്ങി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ശബരിമലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളുടെ പോരായ്മയും സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ജില്ലാ ഭരണ സംവിധാനം എന്നിവകളുടെ ഏകോപനം ഇല്ലായ്മയുമാണ് ഈ സീസണില്‍ ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന യാതനയെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കും സുഖമമായ ദര്‍ശനം സാധ്യമാകുന്നതിനും ദേവസ്വം മന്ത്രി ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കേണ്ടതിന് പകരം നവകേരള സദസ്സില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നത് വിരോധാഭാസമാണെന്ന് സുധീരന്‍ പറഞ്ഞു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി സി സി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, എം ജി കണ്ണന്‍ സംസാരിച്ചു.