Connect with us

Kerala

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; പോലീസിലെ പുഴുക്കുത്തുകൾക്ക് എതിരെ പോരാട്ടം തുടരും: പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ എം എൽ എ

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ എം എൽ എ. പോലിസിൽ മുഖ്യമന്ത്രി പറഞ്ഞ പുഴുക്കുത്തുകൾക്ക് എതിരെയാണ് തന്റെ പോരാട്ടം. അത് ഇനിയും തുടരും. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അൻവർ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

താൻ ഉന്നയിച്ച വിഷയങ്ങൾ ഉന്നത പോലിസ് ഉദ്യോഗസ്ഥർക്ക് എതിരെയുള്ളതാണ്. പോലീസിൽ നല്ല കഴിവുറ്റ ഉദ്യോഗസ്ഥരുണ്ട്. അതിൽ സംശയമില്ല. എന്നാൽ പോലീസിൽ പുഴുക്കുത്തുകളുമുണ്ട്. അക്കാര്യം മുഖ്യമന്ത്രി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ പുഴുക്കുത്തുകൾക്ക് എതിരെ തന്നെയാണ് തന്റെ പോരാട്ടം. അത് ഇനിയും തുടരുമെന്ന് അൻവർ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടും മാറും. പോലീസിന്റെ മനോവീര്യം തകർക്കുന്ന നിലപാട് പാടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അങ്ങനെ തന്നെയാണ് വേണ്ടത്. എന്നാൽ താൻ ഉന്നയിച്ച പ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രിയുടെ മനോവീര്യം തകരില്ല. സത്യസന്ധമായി പ്രവർ്തതിക്കുന്നവരുടെ മനോവീര്യം ഉയരുകയാണ് ചെയ്യുക എന്നാണ് മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പുന പരിശോധന നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.

സുജിത് ദാസിന്റെ കോൾ റെക്കോർഡ് പുറത്തുവിട്ടതാണ് മുഖ്യമന്ത്രി വിമർശിച്ച മറ്റൊരു കാര്യം. അത് പൂർണമായും ഞാൻ അഡ്മിറ്റ് ചെയ്യുന്നു. എന്റെ ജീവിതത്തിൽ തന്നെ വലിയ ചെറ്റത്തരമാണ് ഞാൻ ചെയ്തത് എന്ന് ഫോൺകോൾ പുറത്തുവിട്ട അന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് ആവർത്തിക്കുന്നു.

പക്ഷേ ആ ഫോൺ കോൾ പുറത്തുവിടാതെ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ഐപിഎസ് ഓഫീസർ എംഎൽഎയുടെ കാല് പിടിച്ച് കരയുന്നതാണ് അതിലുള്ളത്. അതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവിട്ടത്. പൂർണമായും പുറത്തുവിട്ടിട്ടില്ല. ആ സംഭാഷണം എസ് പിയെ തുറന്നുകാട്ടുന്നതാണ്. പടച്ചവനായി തന്നതാണ് ആ ഫോൺ കോൾ. ജനങ്ങൾക്ക് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഫോൺ കോൾ പുറത്തുവിട്ടതെന്നും അൻവർ വ്യക്തമാക്കി.

കേരളത്തിലെ സ്വർണക്കടത്ത് വിഷയത്തിലും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ട് മാത്രമാണ് മുഖ്യമന്ത്രി വിശ്വസിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങ പഠിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

Latest