Connect with us

Kerala

മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് വിശ്രമത്തിന്; ഒന്നേകാല്‍ ലക്ഷം വരുമാനമുള്ളയാള്‍ക്ക് പണം എവിടെനിന്നെന്ന് ചോദിക്കരുത്: എ കെ ബാലന്‍

പരിഹാസ്യമായ ചോദ്യങ്ങള്‍ക്ക് പിന്നില്‍ പോകുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബാലന്‍

Published

|

Last Updated

തിരുവനന്തപുരം |  വിശ്രമമെടുക്കാനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയതെന്ന് സിപിഎം നേതാവ് എകെ ബാലന്‍. വിദേശയാത്ര സംബന്ധിച്ച് പ്രചരിക്കുന്നത് കെട്ടുകഥകളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ സന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. താങ്ങാന്‍ പറ്റാത്ത ഭാരം ചുമന്ന ആള്‍ വിശ്രമിക്കാനാണ് പോയത്.

ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചുവെന്നും എകെ ബാലന്‍ പറഞ്ഞു. എന്റെ നാട്ടിലെ കര്‍ഷകന്‍ കുഞ്ഞിക്കണാരന്‍ ഈ അടുത്ത കാലത്താണ് ചൈനയില്‍ പോയി വന്നത്. ഇപ്പോ എത്രയെത്ര കുഞ്ഞിക്കണാരന്‍മാരാണ് ചൈനയില്‍ പോകുന്നത്. ഇപ്പോ ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്രവലിയ കാശു വേണോ?. ടി എ അടക്കം ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസം വരുമാനമുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടുന്നാ കാശ് എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. സുധാകരന്‍ നടത്തിയ യാത്രയെ കുറിച്ച് എന്നൊക്കൊണ്ട് പറയിക്കണ്ടെന്നും ബാലന്‍ പറഞ്ഞു. ആലയില്‍ നിന്ന് ഇളക്കിയ പശുവിനെയും കുട്ടികളെയും പോലെയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. ആ കടന്ന വാക്കിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. അദ്ദേഹം കുറെയാത്ര നടത്തിയിട്ടുണ്ട്. അതിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രതികരണമെന്നും ബാലന്‍ പറഞ്ഞു. പരിഹാസ്യമായ ചോദ്യങ്ങള്‍ക്ക് പിന്നില്‍ പോകുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബാലന്‍ പറഞ്ഞു