Connect with us

Kerala

അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി മറുപടി പറയില്ല; പനിയും തൊണ്ടവേദനയും,വോയിസ് റെസ്റ്റെന്ന് സ്പീക്കർ

12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ദ ഹിന്ദു ദിനപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ ഉള്‍പ്പെട്ട വിവാദ പരാമര്‍ശം, എഡിജിപി ആര്‍ എസ്എസ് കൂടിക്കാഴ്ച വിഷയങ്ങളില്‍ ഉള്‍പ്പെടെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കുന്നു.അതേസമയം അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറയില്ല. രാവിലെ സഭയില്‍ എത്തിയിരുന്നെങ്കിലും തൊണ്ട വേദനയായതിനാല്‍ മുഖ്യമന്ത്രിക്ക് വോയിസ് റെസ്റ്റാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഭയെ അറിയിച്ചു.

നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി നല്‍കിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ അനുമതി നല്‍കിയതോടെ എന്‍ ഷംസുദ്ദീനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.ഇന്ന് മുഖ്യമന്ത്രിക്ക് അനാരോഗ്യം വന്നത് യാദൃശ്ചികമായിരിക്കാമെന്ന് എന്‍ ഷംസുദ്ദീന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും അസുഖം വരാമല്ലോ ഇത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചു.ആരോഗ്യ പ്രശ്‌നം സഭയില്‍ ഉന്നയിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

ഷംസുദ്ദീന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ കളിയാക്കിയതല്ലെന്നും പ്രധാനപ്പെട്ട ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചതാണെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി.