ashok gehlot
രാജസ്ഥാനില്‍ നാടകീയ നീക്കവുമായി മുഖ്യമന്ത്രി; രാത്രി വൈകി എം എല്‍ എമാരുടെ യോഗം വിളിച്ചു
സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്ത സമയത്താണ് ഈ നീക്കം.
ജയ്പൂര്‍ | രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി വൈകി എം എല്‍ എമാരുടെ യോഗം വിളിച്ചു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനെതിരെ വിമതസ്വരം ഉയര്‍ത്തുന്ന സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്ത സമയത്താണ് ഈ നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ഗെഹ്ലോട്ടിന്റെ നീക്കം.
അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാനാണ് യോഗമെന്നാണ് സൂചന. രാത്രി പത്തിന് ജയ്പൂരിലെ യോഗത്തിനെത്താനാണ് എം എല്‍ എമാര്‍ക്ക് ഗെഹ്ലോട്ട് നല്‍കിയ നിര്‍ദേശം. ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന് നല്‍കുന്ന അത്താഴവിരുന്നിന് ശേഷമാണ് യോഗം.
രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലാണ് സച്ചിന്‍ പൈലറ്റ്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെയാണ് ഗെഹ്ലോട്ട് മത്സരിക്കുന്നത്. എന്നാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ നാളുകളായി ചരടുവലി നടത്തുന്നുണ്ട് പൈലറ്റ്.