Kerala
ഡേ കെയറില്‍നിന്ന് കുട്ടി വീട്ടിലെത്തിയ സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു
സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന പിടിഎ യോഗത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
നേമം | കാക്കാമൂലയിലെ ഡേ കെയറില്‍ നിന്ന് രണ്ടുവയസ്സുകാരന്‍ തനിച്ച് വീട്ടിലെത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു .കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ വിഎസ് ഷാന,റിനു ബിനു എന്നിവരെയാണ് അധികൃതര്‍ പിരിച്ചുവിട്ടത്.
കാക്കാമൂല കുളങ്ങര സുഷസില്‍ ജി അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത് സുധീഷാണ് കാക്കാമൂലയിലെ ഡെ കെയറില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് തനിച്ച് നടന്നെത്തിയത്. വീട്ടുകാരില്‍ നിന്നാണ് ഡെ കെയറുകാര്‍ കുട്ടി വീട്ടിലെത്തിയ വിവരമറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന പിടിഎ യോഗത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമുള്ളത്. ഇത് ജീവനക്കാര്‍ ലംഘിച്ചതാണ് കുട്ടി പുറത്ത് പോകാന്‍ ഇടയായതെന്ന വിലയിരുത്തലിലാണ് രണ്ട് പേര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്.