attapadi infant death
അട്ടപ്പാടിയിലെ ശിശു മരണം: സഭയില്‍ ഭരണ- പ്രതിപക്ഷ വാക്കേറ്റം
അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം | അട്ടപ്പാടിയിലെ ശിശുമരണത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പ്രതിപക്ഷ അംഗം എന്‍ ഷംസുദ്ധീന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. കോട്ടത്തറ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും മതിയായ ജീവനക്കാരിലെന്നും ഷംസുദ്ധീന്‍ ആരോപിച്ചു. അവിടേക്ക് അനുവദിച്ച 12 കോടി രൂപ പെരിന്തല്‍മണ്ണയിലെ ഇ എം എസ് ആശുപത്രിക്ക് കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കറും മുഖ്യമന്ത്രിയും ഇടപെട്ട് മന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് അറിയിച്ചു.
തുടര്‍ന്ന് ഇതിനു മറുപടി പറയാനായി എഴുന്നേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫണ്ട് വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു. മതിയായ സൗകര്യങ്ങള്‍ കോട്ടത്തറ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും 117 താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി നടപടിയെടുത്തെന്നും പറഞ്ഞു. ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങള്‍ അവിടെപ്പോയി സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോള്‍ ‘അവിടെ പോയതിനു ശേഷം ആരോപണം ഉന്നയിക്കൂ’ എന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് വീണ്ടും ഭരണ പ്രതിപക്ഷ ബഹളം ഉണ്ടായപ്പോള്‍ സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.
ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.