Connect with us

Uae

പരിപാടി ചിത്രീകരണത്തിനിടെ കുട്ടിക്ക് പീഡനം; നടപടി സ്വീകരിച്ചതായി മീഡിയ കൗൺസിൽ

ക്ഷമ ചോദിക്കുന്നുവെന്ന് ഐ ടി പി മീഡിയ

Published

|

Last Updated

അബൂദബി | യു എ ഇയിലെ ഒരു പ്ലാറ്റ്ഫോമിൽ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഒരു കുട്ടി പീഡനത്തിനിരയായ സംഭവത്തിൽ തുടർനടപടി സ്വീകരിച്ചതായി യു എ ഇ മീഡിയ കൗൺസിൽ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ കുടുംബവുമായി ആശയവിനിമയം നടത്തിയെന്നും അതോറിറ്റി അറിയിച്ചു.

മാധ്യമ ഉള്ളടക്ക-നിയന്ത്രണ നിയമത്തിലും രാജ്യത്തെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിലും അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഒരു ഉള്ളടക്കവും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള ചൂഷണം തടയുന്നതിനുമായി സർക്കാർ മറ്റ് സംഘടനകളോടൊപ്പം പതിവായി പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭാവി നേതാക്കളായ കുട്ടികൾക്ക് സുരക്ഷിത്വം പരിപോഷിപ്പിക്കുന്ന ഇടമായി യു എ ഇ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഡിസൈൻ മത്സര ഷോയുടെ ചിത്രീകരണത്തിനിടെയാണ് പതിനൊന്നുകാരി മാനസിക പീഡനത്തിനിരയായത്. ഇമാറാത്തി പെൺകുട്ടി നിലവില്‍ ഐ സി യുവിലാണ്. പ്രോഗ്രാം സംപ്രേക്ഷണം ചെയ്തതിന് ശേഷം, കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും പതിനൊന്നുകാരി കൂടുതൽ പരിഹാസങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നുവെന്ന് കുടുംബത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

അതേസമയം, സംസ്‌കാരത്തിനും ദേശീയ സ്വത്വത്തിനും എതിരായ അനുചിതമായ പദപ്രയോഗങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ച മാധ്യമ ഉള്ളടക്കത്തിന് യു എ ഇ സമൂഹത്തോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് നിർമാതാക്കളായ ഐ ടി പി മീഡിയ ഗ്രൂപ്പ് വ്യക്തമാക്കി. പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു. ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്തുന്നത് പൂർണമായും അസ്വീകാര്യമാണെന്നും കമ്പനി പറഞ്ഞു.

Latest