prathivaram health
കുഞ്ഞിന്റെ പോഷണവും പരിപാലനവും
ഗർഭസ്ഥ ശിശുവിന്റെ പോഷണം തികച്ചും ഗർഭവതിയായ അമ്മയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഗർഭിണിയാകാൻ തീരുമാനിക്കുന്നതിന് മുന്പ് തന്നെ ആരോഗ്യവതിയാണെന്ന് ഉറപ്പുവരുത്തണം. ശരിയായ ശരീരഭാരം, പോഷകാഹാരക്കുറവ് ഇല്ലാതിരിക്കുക, പിരിമുറുക്കം കുറക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഫോളിക്കാസിഡ് ഗുളികകളും ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചു തുടങ്ങണം. ആരോഗ്യവതിയായ അമ്മക്കേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ കഴിയൂ.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉണ്ടാകുന്നത് മുതൽ രണ്ട് വയസ്സ് വരെയാണ് ആദ്യത്തെ ആയിരം ദിനങ്ങൾ എന്ന് പറയുന്നത്. ഈ കാലയളവ് ഒരു കുഞ്ഞിന്റെ ജീവിതത്തിൽ അതിപ്രധാന കാലഘട്ടമാണ്. കാരണം, ഈ സമയത്തെ വളർച്ചയും വികാസവും ജീവിതകാലം മുഴുവൻ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ പോഷണവും പരിപാലനവും നാം അത്രയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരമ്മയുടെ ഉദരത്തിൽ കുഞ്ഞ് രൂപംകൊള്ളുന്ന ആദ്യകാലങ്ങളിൽ തന്നെ തലച്ചോറിന്റെ വളർച്ച ആരംഭിക്കുകയും രണ്ട് വയസ്സിനുള്ളിൽ ത്വരിതഗതിയിലാവുകയും ചെയ്യുന്നു. 1000 ദിവസത്തിലെ ശാരീരിക വളർച്ചയും ബുദ്ധിവികാസവും കുഞ്ഞിന്റെ ഭാവിയിലെ ആരോഗ്യത്തിനേയും ജീവിതശൈലിയെയും സ്വാധീനിക്കുന്നു.
ഗർഭസ്ഥ ശിശുവിന്റെ പോഷണം തികച്ചും ഗർഭവതിയായ അമ്മയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഗർഭിണിയാകാൻ തീരുമാനിക്കുന്നതിന് മുന്പ് തന്നെ ആരോഗ്യവതിയാണെന്ന് ഉറപ്പുവരുത്തണം. ശരിയായ ശരീരഭാരം, പോഷകാഹാരക്കുറവ് ഇല്ലാതിരിക്കുക, പിരിമുറുക്കം കുറക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഫോളിക്കാസിഡ് ഗുളികകളും ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചു തുടങ്ങണം. ആരോഗ്യവതിയായ അമ്മക്കേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ കഴിയൂ.
ഗർഭിണിയായി കഴിഞ്ഞാൽ ശരീരഭാരം ക്രമേണ കൂടാനും അത് അവരവരുടെ ഉയരത്തിനും ഗർഭകാലത്തിനും അനുസൃതമായാണ് ഉയരുന്നതെന്നും ശ്രദ്ധിക്കണം, സമീകൃതാഹാരം ശീലമാക്കണം, ധാന്യങ്ങളും പയറുപരിപ്പ് വർഗങ്ങളും പച്ചക്കറികളും പഴവർഗങ്ങളും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും പാലും പാലുത്പനങ്ങളും ആരോഗ്യകരമായ കൊഴുപ്പും ആവശ്യാനുസരണം മധുരവും അടങ്ങിയ ആഹാരം കഴിക്കണം.
ഗർഭിണികൾ ചില പോഷകങ്ങൾക്ക് ഊന്നൽ നൽകണം. അയഡിന്റെ കുറവും ഇരുമ്പിന്റെ കുറവും കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കാം. അയഡിൻ ചേർത്ത ഉപ്പ്, കടൽ മത്സ്യങ്ങൾ, ചീര, മുട്ട എന്നിവ കഴിക്കാൻ ശ്രദ്ധിക്കണം. ഇരുമ്പിന്റെ കുറവ് വിളർച്ചക്കും ബുദ്ധിമാന്ദ്യതക്കും കാരണമാകാം. അത് തടയാനായി ഇരുമ്പടങ്ങിയ ഭക്ഷണങ്ങളായ ചീര, മുരിങ്ങയില, മാംസാഹാരങ്ങൾ, ബീറ്റ്‌റൂട്ട്, പയർ വർഗങ്ങൾ, ചുവന്ന അവിൽ എന്നിവ യഥേഷ്ടം കഴിക്കണം.
നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളായ മുട്ട, മീൻ, ഇറച്ചി എന്നിവ മാംസ്യം ലഭിക്കാനും വൈറ്റമിൻ ബി 12 ലഭിക്കാനും സഹായകമാണ്. വിറ്റാമിൻ ബി 12 ന്റെ അഭാവം വിളർച്ചക്ക് കാരണമാകാം.
വിറ്റാമിൻ ഡിയുടെ അഭാവം അമ്മയുടെയും കുഞ്ഞിന്റെയും എല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മതിയായ അളവിൽ ഗർഭിണി വെയിൽ കൊള്ളുന്നത് വൈറ്റമിൻ ഡി ശരീരത്തിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
വാൽനട്ട്, ബദാം, ചെറുമത്സ്യങ്ങൾ എന്നിവ ആരോഗ്യദായകങ്ങളായ കൊഴുപ്പുകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും നല്ല കലവറകളാണ്. ഈ പോഷകത്തിന്റെ കുറവുണ്ടായാൽ കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ ബാധിക്കാം.മുൻ പറഞ്ഞ കാര്യങ്ങൾ ആഹാരത്തിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം മതിയായ അളവിൽ വെള്ളം കുടിക്കാനും വേണ്ടത്ര ഉറങ്ങാനും പിരിമുറുക്കമില്ലാതിരിക്കാനും ഗർഭിണികൾ ശ്രദ്ധിക്കണം.
അമ്മിഞ്ഞപ്പാൽ അമൃതം
കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറ് മാസം അമ്മയുടെ പാൽ മാത്രം നൽകുക. ആരോഗ്യവതിയായ അമ്മക്ക് തീർച്ചയായും തന്റെ കുഞ്ഞിന് ആവശ്യമായ പാൽ ചുരത്താനാകും. മുലയൂട്ടുന്ന അമ്മമാരും ഗർഭിണി ആയിരിക്കുമ്പോൾ ആഹാരത്തിൽ നൽകിയ ശ്രദ്ധ തുടരണം. സമീകൃതാഹാരം കഴിക്കാനും നന്നായി വെള്ളം കുടിക്കാനും പിരിമുറുക്കം കുറയ്ക്കാനും ശ്രദ്ധിക്കണം.
ആറ് മാസം മുതൽ കട്ടി ആഹാരം തുടങ്ങാം
കുഞ്ഞിന് ആറ് മാസം പ്രായമാകുമ്പോൾ മുലപ്പാലിൽ നിന്നുള്ള പോഷകങ്ങൾ മാത്രം മതിയാകാതെ വരുന്നു. അതിനാൽ മുലപ്പാൽ കൊടുക്കുന്നതിനോടൊപ്പം മറ്റ് ആഹാരങ്ങൾ ദ്രാവക രൂപത്തിലും കുറുക്കു രൂപത്തിലും നൽകി തുടങ്ങാം. പഴച്ചാറുകൾ, ധാന്യ കുറുക്കുകൾ, പച്ചക്കറി സൂപ്പുകൾ, നേർത്ത പരിപ്പ് ഉടച്ചത് എന്നിവ കുറച്ചായി നൽകി തുടങ്ങാം. ക്രമേണ അളവുകൂട്ടി വരികയും കൂടുതൽ കട്ടിയുള്ളവയും കൊടുത്തുതുടങ്ങാം. എന്നാൽ മുലപ്പാൽ നൽകുന്നത് രണ്ട് വയസ്സ് വരെ തുടരണം. കുഞ്ഞിന് ഒരു വയസ്സ് ആകുമ്പോൾ വീട്ടിലെ മുതിർന്നവർ കഴിക്കുന്നത് പോലെയുള്ള എല്ലാ ആഹാരങ്ങളും കഴിച്ചു തുടങ്ങണം. പല്ല് മുളച്ചു വന്നു തുടങ്ങുമ്പോൾ കറുമുറ കടിച്ചു തിന്നാനുള്ള ഒരു പ്രവണതയുണ്ടാകും. പച്ചക്കറി സാലഡുകളും, പഴങ്ങളും ഈ പ്രായത്തിൽ കൊടുക്കാം.
വളർച്ച നിരീക്ഷിക്കാം, പോഷണം ഉറപ്പാക്കാം
കുഞ്ഞിന് ശരിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നറിയാനുള്ള നല്ല മാർഗങ്ങളാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുഞ്ഞിന്റെ ശരീരഭാരവും ഉയരവും ക്രമമായി കൂടുന്നുണ്ടോ എന്നു പരിശോധിക്കുന്നത്. ഇവ കുഞ്ഞിന്റെ ആരോഗ്യത്തിന്റെയും രോഗപ്രതിരോധ ശക്തിയുടെയും പ്രധാനപ്പെട്ട സൂചകങ്ങൾ തന്നെയാണ്. ശരീരഭാരം കൂടുന്ന തോത് നമുക്ക് ശ്രദ്ധിക്കാം. 2.5 കിലോയോ അതിൽ കൂടുതലോ ആയിരിക്കണം ജനനസമയത്ത് ഒരു കുഞ്ഞിന്റെ ഭാരം. അഞ്ച് മാസം ആകുമ്പോൾ ശരീരഭാരം ഇരട്ടിയാകണം. ഒരു വയസ്സ് ആകുമ്പോൾ മൂന്നിരട്ടിയാകുകയും, രണ്ട് വയസ്സ് ആകുമ്പോൾ നാല് ഇരട്ടി ആവുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ രീതി. മതിയായ പോഷണം ഉറപ്പുവരുത്തുക വഴി നാം കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചയെയാണ് സഹായിക്കുന്നത്.