Kerala
മദ്‌റസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനം: കേരള മുസ്ലിം ജമാഅത്ത്
എല്ലാ അവകാശങ്ങളെയും ധ്വംസിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തില്‍ നിന്നും ബാലാവകാശ കമ്മീഷനും കേന്ദ്ര സര്‍ക്കാറും പിന്തിരിയണം.
കോഴിക്കോട് | രാജ്യത്തെ മദ്‌റസകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിന്മേലുമുള്ള നഗ്‌നമായ കടന്നാക്രമണമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീര്‍ത്തും സ്വതന്ത്രമായി സര്‍ക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്‌റസകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സൗഹാര്‍ദത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകള്‍ നല്‍കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാല്‍, ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യയിലെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മുസ്‌ലിം കുട്ടികള്‍ക്ക് അവരുടെ പ്രാഥമിക മത പഠനത്തോടൊപ്പം തന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായിട്ടുള്ളത്. സൗഹാര്‍ദ കേന്ദ്രങ്ങളായ ഇവിടങ്ങളില്‍ മറ്റു സമുദായക്കാരായ കുട്ടികളും പഠിക്കുന്നു എന്നത് നമ്മുടെ നാടിന്റെ അഭിമാനമാണ്. സച്ചാര്‍ കമ്മീഷന്‍ പോലും ഇത്തരം സ്ഥാപനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശിപാര്‍ശ ചെയ്തിട്ടുള്ളതെന്ന വസ്തുത ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതിനാല്‍
ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മീഷന്റെ മറവില്‍ അടച്ചു പൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണ്.
നിലവിലുള്ള സംരംഭങ്ങളില്‍ എന്തെങ്കിലും കുറവുകളോ പാളിച്ചകളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ആണ് സബ് കേ സാത് സബ് കെ വികാസ് എന്ന് ഉദ്‌ഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. നേരെമറിച്ച് തീര്‍ത്തും അന്യായമായ രൂപത്തില്‍ എല്ലാ അവകാശങ്ങളെയും ധ്വംസിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തില്‍ നിന്നും ബാലാവകാശ കമ്മീഷനും കേന്ദ്ര സര്‍ക്കാറും പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ സൈഫുദ്ധീന്‍ ഹാജി, മജീദ് കക്കാട്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുസ്തഫ കോഡൂര്‍ സംബന്ധിച്ചു.