Connect with us

Editorial

ബാലാവകാശ കമ്മീഷന്‍ മദ്‌റസകള്‍ക്കെതിരെ

മദ്‌റസകള്‍ക്ക് സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന നിലപാടില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ പിന്തിരിയണം. പകരം പിന്നാക്ക പ്രദേശത്തെ എല്ലാ സമുദായക്കാര്‍ക്കും ഉപകാരപ്രദമായ ഈ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സഹായകമാകുന്ന നിര്‍ദേശങ്ങളാണ് കമ്മീഷനില്‍ നിന്നുണ്ടാകേണ്ടത്.

Published

|

Last Updated

രാജ്യത്തെ മദ്റസകള്‍ തകര്‍ക്കുന്നതിന് ബാലാവകാശ കമ്മീഷനെ ആയുധമാക്കുകയാണ് ബി ജെ പി. സംഘ്പരിവാര്‍ സംഘടനകള്‍ മുമ്പേ തുടങ്ങിയതാണ് മദ്റസകള്‍ക്കെതിരായ പ്രചാരണം. ഉത്തര്‍ പ്രദേശ്, അസം തുടങ്ങി ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ നിരന്തരം മദ്റസാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം മദ്റസകള്‍ക്കും മദ്റസാ ബോര്‍ഡുകള്‍ക്കുമെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ കാണാന്‍.

സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് മദ്റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ സംരക്ഷണത്തിന് എതിരായാണ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്, മുസ്ലിം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്റസകള്‍ പരാജയപ്പെട്ടു തുടങ്ങി നിരവധി ആരോപണങ്ങളും കമ്മീഷന്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. മുസ്ലിമേതര വിദ്യാര്‍ഥികള്‍ മദ്റസകളില്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റണമെന്നും നിര്‍ദേശിക്കുന്നു.

മദ്റസകള്‍ തീവ്രവാദികളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്നാണ് സംഘ്പരിവാര്‍ പ്രചാരണം. 2003ല്‍ കോഴിക്കോട് മുതലക്കുളത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രസംഗിച്ചത് ഇങ്ങനെ, ‘രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മദ്റസകള്‍. മാറാടും ഗോധ്രയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ രാജ്യത്തെ മദ്റസകള്‍ അടച്ചു പൂട്ടണം. പാകിസ്താനിലെ മദ്റസകള്‍ക്ക് മുല്ലാ ഉമറിനെ സൃഷ്ടിക്കാമെങ്കില്‍ മലപ്പുറത്തെ മദ്റസകള്‍ക്കും ഇത് സാധ്യമാകും’. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സാക്ഷി മഹാരാജ് തുടങ്ങിയ ബി ജെ പി നേതാക്കളും ഏറ്റുപിടിച്ചിട്ടുണ്ട് ഈ ആരോപണം.

വാസ്തവവിരുദ്ധവും ദുരുപദിഷ്ടവുമായ സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ ഇത്തരം ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇടയാക്കുന്നതാണ് മദ്റസകളിലെ മുസ്ലിമേതര വിദ്യാര്‍ഥികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റണമെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. അരുതാത്തതെന്തോ പഠിപ്പിക്കുന്നുണ്ട് മദ്റസകളിലെന്നു തോന്നും കമ്മീഷന്റെ ഈ ഉത്തരവ് കണ്ടാല്‍. തീവ്രവാദവും ദേശവിരുദ്ധതയുമല്ല; സഹിഷ്ണുത, മതസൗഹാര്‍ദം, മാനവിക സാഹോദര്യം, ദയ തുടങ്ങി ഉത്തമ സ്വഭാവഗുണങ്ങളാണ് മദ്റസകളില്‍ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും. മനുഷ്യബന്ധങ്ങളെയും സാമൂഹിക ബാധ്യതകളെയും ഉത്തരവാദിത്വങ്ങളെയും തിരിച്ചറിയുന്ന, രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാകുന്ന തലമുറയെയാണ് മദ്റസകളും ഇസ്ലാമിക പാഠശാലകളും വാര്‍ത്തെടുക്കുന്നത്. രാജ്യത്ത് മതസൗഹാര്‍ദവും സഹവര്‍ത്തിത്വവും സാഹോദര്യവും വളര്‍ത്തുന്നതില്‍ മദ്റസകള്‍ക്ക് വലിയ പങ്കുണ്ട്. വെറുപ്പിന്റെ പ്രചാരകര്‍ മദ്റസകള്‍ക്കെതിരെ തിരിയാനുള്ള പ്രധാന കാരണവുമിതാണ്.

രാജ്യത്തെ ഏതെങ്കിലുമൊരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ തീവ്രവാദമോ ദേശവിരുദ്ധമായ പാഠങ്ങളോ പഠിപ്പിക്കുന്നതായി തെളിയിക്കാന്‍ സാധിക്കില്ല. ‘ചില ഭ്രാന്തന്മാര്‍ മദ്റസകളെക്കുറിച്ച് പലതും പറയുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ചവയാണ് മദ്റസകള്‍. ഞാന്‍ മദ്റസയില്‍ പഠിച്ച വ്യക്തിയാണ്. എന്നിട്ടും ഭീകരവാദിയോ തീവ്രവാദിയോ ആയിട്ടില്ല’ എന്ന ബി ജെ പി നേതാവും മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്്്വിയുടെ പ്രസ്താവന മദ്റസകളെ തീവ്രവാദ പരിശീലന കേന്ദ്രങ്ങളെന്നു വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ്.

മദ്റസകളില്‍ ഇതര മതവിദ്യാര്‍ഥികളെ ഇസ്ലാമിക അധ്യാപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന തരത്തിലുള്ള ബാലാവകാശ കമ്മീഷന്റെ പ്രസ്താവന പദവിക്ക് നിരക്കാത്തതായിപ്പോയി. 2022 ഡിസംബറിലും നടത്തിയിരുന്നു ബാലാവകാശ കമ്മീഷന്‍ സമാനമായൊരു പരാമര്‍ശം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില മദ്റസകളില്‍ ഇസ്ലാമികാധ്യാപനത്തോടൊപ്പം സയന്‍സ്, മാത്്‌സ് തുടങ്ങിയ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്നുണ്ട്. ഇത്തരം ഭൗതിക വിഷയങ്ങള്‍ പഠിക്കാനാണ് അമുസ്ലിം വിദ്യാര്‍ഥികള്‍ മദ്റസകളെ ആശ്രയിക്കുന്നത്. മദ്റസകളില്‍ ഭൗതിക വിഷയങ്ങള്‍ പഠിപ്പിക്കുന്നവരില്‍ നല്ലൊരു പങ്കും ഇതര സമുദായക്കാരായ അധ്യാപകരാണ്. ഏതാനും വര്‍ഷം മുമ്പ് പശ്ചിമ ബംഗാള്‍ കൗണ്‍സില്‍ ഓഫ് മദ്റസ എജ്യുക്കേഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബംഗാളിലെ 10,000 മദ്റസാധ്യാപകരില്‍ 5,700 പേരും ഹൈന്ദവ വിഭാഗക്കാരാണ്. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല. ഇത്തരം സ്ഥാപനങ്ങളില്‍ എങ്ങനെ ഇസ്ലാമികാധ്യാപനം അടിച്ചേല്‍പ്പിക്കാനാകും?

പൊതുവെ സ്‌കൂള്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഗ്രാമീണ മേഖലയില്‍ വിശേഷിച്ചും. മുസ്ലിം സമുദായം മതപഠനത്തോളം മക്കളുടെ പ്രാഥമിക സ്‌കൂള്‍ പഠനത്തിനും ആശ്രയിക്കുന്നത് മദ്റസകളെയാണ്. മദ്റസകള്‍ക്കും മദ്റസാ ബോര്‍ഡുകള്‍ക്കും ചില സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയാല്‍ ആ സ്ഥാപനങ്ങളുടെ ഭാവി അവതാളത്തിലാകുകയും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയും ചെയ്യും. മാത്രമല്ല, ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും നിരക്കാത്തതുമാണ് ബാലാവകാശ കമ്മീഷന്റെ നീക്കം.
മദ്റസകള്‍ക്ക് സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന നിലപാടില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ പിന്തിരിയണം. പകരം പിന്നാക്ക പ്രദേശത്തെ എല്ലാ സമുദായക്കാര്‍ക്കും ഉപകാരപ്രദമായ ഈ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സഹായകമാകുന്ന നിര്‍ദേശങ്ങളാണ് കമ്മീഷനില്‍ നിന്നുണ്ടാകേണ്ടത്. സംഘ്പരിവാറിന്റെ ചട്ടുകമായി മാറരുത് ബാലാവകാശ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍.

 

Latest