Editorial
ശിശുക്കടത്ത് റാക്കറ്റുകൾക്ക് കടിഞ്ഞാണിടണം
വലിയ ക്രിമിനല്‍ പ്രശ്നമായി മാറിയിരിക്കയാണ് ശിശുക്കടത്ത്. സര്‍ക്കാറിനും നിയമപാലകര്‍ക്കും പുറമെ മാതാപിതാക്കളും സമൂഹവും ഇക്കാര്യത്തില്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.

രാജ്യത്ത് ശിശുക്കടത്ത് വര്‍ധിച്ചു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു സുപ്രീം കോടതി. ഡല്‍ഹിയിലെ ദ്വാരകയില്‍ ഗുണ്ടാനേതാവ് പൂജയുടെ സംഘം നിരവധി കുട്ടികളെ കടത്തിക്കൊണ്ടു പോയ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കയാണെന്നും കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്തി ഗുണ്ടാസംഘത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങുന്ന ബഞ്ച് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വാരത്തില്‍ മറ്റൊരു കേസില്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയ ആശുപത്രികളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു ഇതേ ബഞ്ച്. ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ച ദമ്പതികള്‍ക്കായി നവജാത ശിശുവിനെ കടത്തിയ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം. ശിശുക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറും അലഹാബാദ് ഹൈക്കോടതിയും കാണിക്കുന്ന ഉദാസീനതയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും
ചെയ്തു.
രാജ്യത്തെമ്പാടും ആശുപത്രികളില്‍ നിന്നും വീടുകളില്‍ നിന്നുമായി ശിശുക്കടത്ത് റാക്കറ്റുകള്‍ കുട്ടികളെ റാഞ്ചുന്ന സംഭവങ്ങള്‍ പലപ്പോഴായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൈദരാബാദിലും മാര്‍ച്ചില്‍ കര്‍ണാടകയിലെ ബെലഗാവിയിലും 2024 ജൂലൈയില്‍ അരുണാചലിലും പോലീസ് പിടിയിലായിരുന്നു അന്തര്‍ സംസ്ഥാന ശിശുക്കടത്ത് സംഘങ്ങള്‍. ഇത്തരം ചില റാക്കറ്റുകള്‍ക്ക് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം ലഭിക്കുന്നതായും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തി. നവജാത ശിശുക്കളെ വിറ്റ കേസില്‍ 2018-ല്‍ ഝാര്‍ഖണ്ഡില്‍ മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. ഝാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലുമായി നാല് ശിശുക്കളെ വിറ്റ ഇവര്‍ അന്തര്‍ സംസ്ഥാന ശിശുക്കടത്ത് സംഘത്തിലെ കണ്ണികളാണ്.
മക്കളില്ലാത്ത മാതാപിതാക്കള്‍ക്ക് വില്‍ക്കാനാണ് ശിശുറാക്കറ്റ് കുഞ്ഞുങ്ങളെ വില്‍ക്കുന്നതെന്ന് വിവിധയിടങ്ങളില്‍ നിന്ന് പോലീസ് പിടികൂടിയ റാക്കറ്റിലെ കണ്ണികള്‍ വെടിപ്പെടുത്തുകയുണ്ടായി. മക്കളില്ലാത്ത ദമ്പതികള്‍ക്ക് എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ രൂപക്കാണ് കുഞ്ഞുങ്ങളെ വിറ്റതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ബെംഗളൂരുവില്‍ 2023 നവംബര്‍ ഏഴിന് പോലീസ് പിടികൂടിയ റാക്കറ്റ് വെളിപ്പെടുത്തിയത്. കുട്ടികളെ വാങ്ങുന്ന ദമ്പതികള്‍ക്ക് കടത്തുസംഘം ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ നല്‍കുന്നതായി കണ്ടെത്തിയ പോലീസ് ഈ റാക്കറ്റിന് വിവിധ ആശുപത്രികളുടെ സഹായം ലഭിക്കുന്നതായും സംശയം രേഖപ്പെടുത്തി.
2022 ജനുവരിയില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അന്തര്‍സംസ്ഥാന ശിശുക്കടത്ത് സംഘം അറസ്റ്റിലായിരുന്നു. രണ്ട് കൈക്കുഞ്ഞുങ്ങളെ കടത്താനുളള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. കുഞ്ഞുങ്ങളെ കടത്താന്‍ സംഘം ഒരു ടാക്സി വിളിച്ചു. ടാക്സി യാത്രക്കിടെ ഇവര്‍ക്ക് വന്ന ഫോണ്‍ കോളില്‍ സംശയം തോന്നിയ ഡ്രൈവര്‍ തന്റെ വാഹനം നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശിശുക്കളെ ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് കടത്തി അവിടെ മൂന്ന് ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു.
സാമൂഹിക വിരുദ്ധരും അറിയപ്പെട്ട ക്രിമിനലുകളും മാത്രമല്ല, പശ്ചിമബംഗാള്‍ ബി ജെ പി നേതാക്കളായ ജൂഹി ചൗധരി, രൂപ ഗാംഗുലി, കൈലാഷ് വിജയ വര്‍ഗിയ തുടങ്ങി രാഷ്ട്രീയ നേതാക്കളുമുണ്ട് ശിശുക്കടത്ത് ആരോപണം നേരിട്ടവരില്‍. ബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പതിനേഴ് കുട്ടികളെ കടത്തിയ ജയ്പാല്‍ഗുരി ശിശുക്കടത്ത് കേസിലാണ് ഇവര്‍ അകപ്പെട്ടത്. ജൂഹി ചൗധരിക്ക് ശിശുക്കടത്ത് ശൃംഖലയുമായുളള ബന്ധം തെളിയിക്കുന്ന ഡയറി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
കേരളത്തിലുമുണ്ട് കുഞ്ഞുങ്ങളെ കടത്തുന്ന റാക്കറ്റുകള്‍. ഭിക്ഷക്കെന്ന വ്യാജേന ഊരുചുറ്റുന്ന നാടോടി സ്ത്രീകളില്‍ ചിലര്‍ ഈ റാക്കറ്റിലെ കണ്ണികളാണ്. രണ്ട് ദിവസം മുമ്പാണ് കൊല്ലത്ത് മൂന്നര വയസ്സുളള പെണ്‍കുട്ടിയെ കളിപ്പാട്ടം കാണിച്ചു തട്ടിയെടുത്ത കോയമ്പത്തൂര്‍ സ്വദേശിനിയായ നാടോടി സ്്ത്രീയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത കുട്ടിയുമായി കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവേ സംശയം തോന്നിയ ബസ് കണ്ടക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിനിടെ കോഴിക്കോട് മെഡി. കോളജ് പ്രസവ വാര്‍ഡില്‍ നിന്ന് നവജാത ശിശുവിനെ കടത്താന്‍ ശ്രമച്ച ഒരു നാടോടി സ്ത്രീയെ, രോഗികള്‍ക്ക് കൂട്ടുനില്‍ക്കാനെത്തിയവരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പിടികൂടിയിരുന്നു. 2024 മാര്‍ച്ചില്‍ പൊരിവെയിലത്ത് പിഞ്ചുകുഞ്ഞിനെയുമായി തൃശൂര്‍ വടക്കാഞ്ചേരി ബിവറേജ് ഷോപ്പിന് സമീപം ഭിക്ഷ യാചിക്കുകയായിരുന്ന ഒരു നാടോടി സ്ത്രീയെ പോലീസ് പിടികൂടി. വെയിലേറ്റുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. കുഞ്ഞിനെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ഏല്‍പ്പിച്ചു.
കുട്ടികളില്ലാത്ത ദമ്പതികള്‍ ധാരാളമുണ്ട് രാജ്യത്ത്. പ്രസവിക്കാന്‍ വിമുഖത കാണിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. കുട്ടികളെ ദത്തെടുത്താണ് ഇത്തരക്കാര്‍ പിന്‍മുറക്കാരെ കണ്ടെത്തുന്നത്. ഇവരെ ലക്ഷ്യം വെച്ചാണ് ശിശുക്കടത്ത് റാക്കറ്റ് കുഞ്ഞുങ്ങളെ റാഞ്ചുന്നത്. നിയമപ്രകാരം ദത്തെടുക്കാന്‍ രാജ്യം അനുവദിക്കുന്നുണ്ടെങ്കിലും കടമ്പകളേറെയുണ്ട്. ഇതാണ് ദമ്പതികള്‍ കടത്തുസംഘങ്ങളെ ആശ്രയിക്കാന്‍ ഇടയാക്കുന്നത്. വലിയ ക്രിമിനല്‍ പ്രശ്നമായി മാറിയിരിക്കയാണ് ശിശുക്കടത്ത്. സര്‍ക്കാറിനും നിയമപാലകര്‍ക്കും പുറമെ മാതാപിതാക്കളും സമൂഹവും ഇക്കാര്യത്തില്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. കോടതി ഉണര്‍ത്തിയത് പോലെ ശിശുക്കടത്ത് റാക്കറ്റുമായി ആശുപത്രികള്‍ക്ക് ബന്ധമുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുമരുത്.