Connect with us

Kerala

ശിശുക്ഷേമ സമിതി; ഒരു കുഞ്ഞിന്റെ മരണത്തിനു പിന്നാലെ ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്നലെ മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

Published

|

Last Updated

തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിലെ ഒരു കുഞ്ഞ് മരിച്ചതിനു പിന്നാലെ പനി ലക്ഷണങ്ങളുളള ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

ഒരു മാസത്തിനിടെയുണ്ടായ രണ്ട് മരണങ്ങളില്‍ വനിതാ ശിശുവികസന ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. ഫെബ്രുവരി 28ന് രണ്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കുട്ടിയുടെ മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. ഇന്നലെ ശ്വാസതടസത്തേത്തുടര്‍ന്നാണ് ആറ്മാസം പ്രായമുളള ആണ്‍കുട്ടി മരിച്ചത്. കുട്ടിയുടെ മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ലാതിരിക്കെയാണ് മറ്റ് ആറ് കുട്ടികളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ജലദോഷവും ശ്വാസതടസവും അനുഭവപ്പെട്ട കുട്ടികളാണ് ചികില്‍സയിലുളളത്. ഒരു കുട്ടിക്ക് വൈറല്‍ ന്യൂമോണിയ ബാധിച്ചതായാണ് നിഗമനം.

ഇന്നലെ മരിച്ച കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഏഴു വരെ ചികില്‍സയിലും പിന്നീട് പ്രത്യേക പരിചരണത്തിലുമായിരുന്നുവെന്നുമാണ് ശിശുക്ഷേമ സമിതി പറയുന്നത്. മ്യൂസിയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചികില്‍സയിലുളള കുട്ടികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest