Uae
ഷാർജയിൽ കുട്ടികളുടെ വായനാമേള തുടങ്ങി; ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
'പുസ്തകങ്ങളിലേക്ക് മുങ്ങുക' എന്ന പ്രമേയത്തിലാണ് മെയ് നാല് വരെ നീണ്ടുനിൽക്കുന്ന മേള.

ഷാർജ | ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന്റെ പതിനാറാമത് പതിപ്പ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേള ഷാർജ ബുക്ക് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. “പുസ്തകങ്ങളിലേക്ക് മുങ്ങുക’ എന്ന പ്രമേയത്തിലാണ് മെയ് നാല് വരെ നീണ്ടുനിൽക്കുന്ന മേള.
കുട്ടികളുടെ സാഹിത്യം, സർഗാത്മകത, പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ സാംസ്‌കാരിക വേദി, 1,024ലധികം സാംസ്‌കാരിക, കലാ, വിനോദ പരിപാടികൾ അവതരിപ്പിക്കും. സൃഷ്ടിപരമായ വർക്്ഷോപ്പുകൾ, നാടക പ്രകടനങ്ങൾ, സംവേദനാത്മക സെഷനുകൾ, വായനാ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 70 രാജ്യങ്ങളിൽ നിന്നുള്ള 133 വിശിഷ്ടാതിഥികളും 22 രാജ്യങ്ങളിൽ നിന്നുള്ള 122 പ്രസാധകരും മേളയിൽ പങ്കെടുക്കുന്നു.
ഉദ്ഘാടനം ചെയ്ത ശേഷം, ശൈഖ് സുൽത്താൻ കുട്ടികളുടെ കലാപ്രകടനങ്ങൾ വീക്ഷിച്ചു. 22 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസാധകരുടെ ഹാളുകൾ സന്ദർശിച്ച അദ്ദേഹം യുവതലമുറയിൽ വായനാ സംസ്‌കാരം വളർത്തുന്നതിനുള്ള പരിപാടികളെക്കുറിച്ച് വിശദീകരണം നേടി. ആറ് – 18 വയസ്സുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത “നൂറ്റാണ്ടിന്റെ വായനക്കാരൻ’ പ്ലാറ്റ്ഫോം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അറബി ബാലസാഹിത്യത്തിനുള്ള അന്താരാഷ്ട്ര അവാർഡിന്റെ പുതിയ വെബ്സൈറ്റും പതിനേഴാമത് അവാർഡ് പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ശൈഖ ബുദൂർ അൽ ഖാസിമിക്ക് “ഹൗസ് ഓഫ് വിസ്ഡം’ എന്ന പുസ്തകത്തിന് ഏഴ് – 13 വയസ്സ് വിഭാഗത്തിൽ ഇംഗ്ലീഷ് കുട്ടികളുടെ പുസ്തക അവാർഡ് അദ്ദേഹം സമ്മാനിച്ചു. ഈജിപ്ഷ്യൻ എഴുത്തുകാരൻ മുഹമ്മദ് കസ്ബർ, ബഹ്റൈനിൽ നിന്നുള്ള അസ്മ അൽ സ്‌കഫ്, ജോർദാനിലെ നഹെദ് അൽ ഷാവ എന്നിവർ മറ്റ് അവാർഡുകൾ നേടി.
മാംഗ ഡ്രോയിംഗ്, കോമിക് ബുക്ക് ആർട്ട്, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ വർക്ഷോപ്പുകളും ഫ്യൂച്ചർ മേക്കേഴ്സ് മ്യൂസിയം, ഷെർലക് ഹോംസ് എക്‌സിബിഷൻ തുടങ്ങിയ പുതിയ പരിപാടികളും ഈ വർഷത്തെ മേളയെ സമ്പന്നമാക്കുന്നു. 50-ലധികം സാംസ്‌കാരിക സെഷനുകളും 85 നാടക-സഞ്ചാര പ്രകടനങ്ങളും യുവമനസ്സുകളെ ആകർഷിക്കും.