prathivaram health
കുട്ടികളും കുടുംബാന്തരീക്ഷവും
കുട്ടികളുടെ സ്വകാര്യ പ്രശ്‌നങ്ങൾക്ക് പ്രാക്ടിക്കലായി തീരുമാനിക്കാനാകുക അമ്മമാർക്കാകും. കുട്ടികൾ പല പ്രശ്‌നങ്ങളും പങ്കുവെക്കുക അമ്മമാരോടായിരിക്കും. അച്ഛനോട് കുട്ടികൾ സ്വകാര്യങ്ങൾ പങ്കുവെക്കുക അപൂർവമായിരിക്കും. ഒരു കോഴ്‌സിന് വിടുന്നെങ്കിൽ പോലും കുട്ടികളോട് ചോദിക്കാതെയായിരിക്കും പിതാക്കന്മാർ തീരുമാനിക്കുക. അത് കുട്ടിക്ക് അംഗീകരിക്കാൻ പറ്റുന്നതായിക്കൊള്ളണമെന്നില്ല. ഇത്തരം തീരുമാനങ്ങളിലൂടെ അവർക്ക് മാനസിക സംഘർഷമുണ്ടാകാനും പ്രതികാരമനോഭാവം വളരാനും സാധ്യതയുണ്ട്.
സത്യത്തിൽ ഭാര്യമാരെ പേടിക്കണോ? പേടിക്കേണ്ടത്രയും ഭീകരജീവിയാണോ ഭാര്യ? അല്ലെന്ന് ഓരോ പുരുഷനും അറിയാമെങ്കിലും ഭാര്യ എന്നത് നമുക്കിടയിൽ ഏറ്റവും ട്രോളപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ബുദ്ധിയില്ലാത്ത മണ്ടിയായി, വകതിരിവില്ലാത്ത ഒന്നായി ഭാര്യയെ എപ്പോഴും കളിയാക്കുന്ന പുരുഷ സംഘങ്ങളാണ് നമുക്കുചുറ്റും. അവർക്കിടയിൽ ആളാകാൻ വേണ്ടിയെങ്കിലും നമ്മൾ സ്ത്രീകളെ കളിയാക്കിയും അപഹസിച്ചും സമയം കളയും. എങ്ങാനും ഭാര്യയെ പിന്തുണച്ചുകൊണ്ട് സംസാരിച്ചാലോ, വീട്ടുജോലികളിൽ സഹായിച്ചാലോ, അവർക്കുവേണ്ടി കുറച്ചുസമയം നീക്കിവെച്ചാലോ കൂട്ടുകാർക്കിടയിൽ നമ്മൾ ബി പിക്കാരൻ എന്ന ഇരട്ടപ്പേരുകാരനാകും.
അതിലൊരു സുഖമുണ്ട് എങ്കിലും അനുവദിച്ചുകൊടുക്കാൻ നമുക്ക് താത്പര്യമില്ലാത്തതാണ് പ്രശ്‌നം. ചില കാര്യങ്ങളിലെങ്കിലും ഭാര്യയെ സഹായിച്ചാൽ, അവർ പറയുന്നത് മുഖവിലക്കെടുത്താൽ ജീവിതത്തിൽ നല്ലതേ സംഭവിക്കൂ എന്നത് മനസ്സിലാക്കുന്നതിന് യാതൊരു മടിയും വേണ്ട.
ഭാര്യയുടെ അല്ലെങ്കിൽ സ്ത്രീകളുടെ തീരുമാനങ്ങൾ പുരുഷന്മാരുടേതിനെ അപേക്ഷിച്ച് പലപ്പോഴും വളരെ പ്രാക്ടിക്കലായിരിക്കും. ഒരു വിഷയത്തിന്റെ വരുംവരായ്കകളെക്കുറിച്ച് നല്ലവണ്ണം ആലോചിച്ചേ അവർ തീരുമാനമെടുക്കൂ. പക്ഷേ ആണുങ്ങൾ അല്ലെങ്കിൽ ഭർത്താക്കന്മാർ പൊതുവെ എടുത്തുചാട്ടക്കാരാണ്. പല വിഷയങ്ങളിലും പെട്ടെന്നെടുത്ത തീരുമാനങ്ങളിൽ വലയുന്ന പുരുഷന്മാരെ നമുക്കു ചുറ്റും കാണാം. സ്ത്രീകൾ സ്വന്തം കഴിവും കഴിവില്ലായ്മയും മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ പുരുഷന്മാർ വികാരപരമായി മാത്രമേ പ്രവർത്തിക്കൂ. കൂടാതെ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമുണ്ടാകുക സ്ത്രീകൾക്കായിരിക്കും. കുടുംബജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിലെ പ്രാധാന്യം ഏവർക്കുമറിയാമല്ലോ.
വരവിനനുസരിച്ച് മാത്രം ചെലവിടുന്നവരാകും മിക്കവാറും സ്ത്രീകൾ. സാമ്പത്തിക കുരുക്കുകളിൽ ചെന്നുപെടാതിരിക്കാൻ അതീവ ജാഗ്രതയുള്ളവരുമാകും. വീട്ടിലുള്ള സ്ത്രീകൾ പറയുന്നതിനെ ചെവികൊടുക്കാതെ സാമ്പത്തികമായും മറ്റ് വിധത്തിലും അപകടങ്ങളിൽ ചെന്നു ചാടുന്ന നിരവധി ഭർത്താക്കന്മാരുണ്ട്. ചെറിയൊരു ഉദാഹരണത്തിന്, വീട്ടിലേക്ക് ഒരു വസ്തു വാങ്ങണമെന്ന് പദ്ധതിയിട്ടാൽ ആ വസ്തുവിന്റെ പുറംമോടി, വില എന്നിവക്ക് മാത്രമായിരിക്കും മിക്ക പുരുഷന്മാരും പ്രാധാന്യം നൽകുക. എന്നാൽ ആ സാധനത്തിന്റെ ആവശ്യകത, വില, എത്രകാലം ഈടുനിൽക്കും എന്നിങ്ങനെ ആലോചിച്ചേ സ്ത്രീകൾ ഉത്തരം പറയൂ. കാർ, വീട്, ഫർണിച്ചർ, വസ്ത്രം എന്നിവ വാങ്ങുമ്പോഴൊക്കെ ഇതാണവസ്ഥ. അതുപോലെ കുട്ടികളുടെ സ്വകാര്യ പ്രശ്‌നങ്ങൾക്ക് പ്രാക്ടിക്കലായി തീരുമാനിക്കാനാകുക അമ്മമാർക്കാകും. കുട്ടികൾ പല പ്രശ്‌നങ്ങളും പങ്കുവെക്കുക അമ്മമാരോടായിരിക്കും.
അച്ഛനോട് കുട്ടികൾ സ്വകാര്യങ്ങൾ പങ്കുവെക്കുക അപൂർവമായിരിക്കും. ഒരു കോഴ്‌സിന് വിടുന്നെങ്കിൽ പോലും കുട്ടികളോട് ചോദിക്കാതെയായിരിക്കും പിതാക്കന്മാർ തീരുമാനിക്കുക. അത് കുട്ടിക്ക് അംഗീകരിക്കാൻ പറ്റുന്നതായിക്കൊള്ളണമെന്നില്ല. ഇത്തരം തീരുമാനങ്ങളിലൂടെ അവർക്ക് മാനസിക സംഘർഷമുണ്ടാകാനും പ്രതികാരമനോഭാവം വളരാനും സാധ്യതയുണ്ട്.
ഒരു വീട് വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ഭാര്യയോട് ആലോചിക്കണം. അവരുടെ സൗകര്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. വീടിന്റെ ലൊക്കേഷൻ, അയൽക്കാർ, വെള്ളം, കറന്റ്സൗകര്യങ്ങൾ മുതലായവയിൽ അഭിപ്രായം പറയേണ്ടത് അവരാണ്. കാരണം, വീട് വീടാക്കി നോക്കിനടത്തേണ്ടത് അവരാണ്.
പല ഭർത്താക്കന്മാർക്കും ഭാര്യമാരെ പുച്ഛമാണ്. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ബുദ്ധിയില്ലാത്തവൾ, മണ്ടി, വിവരമില്ലാത്തവൾ എന്നൊക്കെയായിരിക്കും അവർ ഭാര്യക്ക് നൽകുന്ന വിശേഷണം.
ഭാര്യയെ പേടി എന്ന സ്ഥിതിക്ക് ഒരൽപ്പം മാനസികാരോഗ്യ തലങ്ങൾ കൂടിയുണ്ട്. പൊതുവെ സ്വന്തമായി തീരുമാനമെടുക്കാനാകാത്തവരാണ് ഈ ഗണത്തിൽപ്പെടുന്നത്. “Under assertive’ എന്ന ഇക്കൂട്ടർക്ക് ശക്തമായി യെസ് അല്ലെങ്കിൽ നോ പറയാൻ കഴിയില്ല. “Indecisive’ ആയിട്ടുള്ള മറ്റൊരു കൂട്ടരുണ്ട്, അവർക്ക് സ്വന്തമായി തീരുമാനമെടുക്കാനിഷ്ടമുണ്ടാകില്ല. ഇവരുടെ കാര്യങ്ങളിൽ പൊതുവായി ഒരു “personality deviation’ കാണാം. ചില പ്രത്യേക സ്വഭാവ വ്യതിയാനം. റിസ്‌കുള്ള എല്ലാ കാര്യവും ഇവർ ഭാര്യമാർക്കോ മറ്റാർക്കെങ്കിലുമോ വിട്ടുകൊടുക്കും. ഒരു തരം ആശ്രിതസ്വഭാവം. അതും ഭാര്യയെ പേടിയാക്കി വ്യാഖ്യാനിക്കപ്പെടാം.
ദാമ്പത്യത്തിൽ ഭാര്യക്കും ഭർത്താവിനും ഈ പറഞ്ഞ പ്രത്യേകതകളുണ്ടെങ്കിൽ അത് പലവിധത്തിൽ കലാശിക്കാം. സാധാരണയായി സ്ത്രീകൾക്കാണ് അൽപ്പം മുന്നിട്ടുനിൽക്കുന്ന സ്വഭാവം എങ്കിൽ ഭർത്താവ് അതിനെതിരായ സ്വഭാവത്തിൽ വരുന്നത് ദാമ്പത്യത്തിൽ പ്രശ്‌നങ്ങളുണ്ടാക്കില്ല. ഇത് നേരെ തിരച്ചാണെങ്കിലും അതായത് ഭാര്യ അൽപ്പം പിന്നാക്കം നിൽക്കുന്നതും ഭർത്താവ് എന്തും ചാടിയിറങ്ങി ചെയ്യുന്നയാളുമാണെങ്കിൽ അതും ബന്ധത്തെ പ്രതികൂലമായി ബാധിക്കില്ല. എന്നാൽ ഭർത്താവും ഭാര്യയും പിന്നാക്കം നിൽക്കുന്ന, എന്തും മടിയോടെ ചെയ്യുന്ന, അല്ലെങ്കിൽ ചെയ്യാൻ താത്പര്യമില്ലാത്ത ആളുകളാണെങ്കിൽ അത് അവരുടെ ജീവിതത്തെ ബാധിക്കും.
ജീവിതവിജയം അവർക്കുണ്ടാകില്ല. മാത്രമല്ല, അത് കുട്ടികളുടെ സ്വഭാവരൂപവത്കരണത്തെയും ബാധിക്കും. ഇനി ഭാര്യയും ഭർത്താവും തുല്യമായി “dominant’ ആയാൽ അതും ജീവിതത്തിൽ താളപ്പിഴയുണ്ടാക്കും. അഹംഭാവം കൂടാനും പരസ്പരം മത്സരിക്കാനും, കാര്യങ്ങൾ അംഗീകരിക്കാനുമുള്ള മനസ്സ്് നഷ്ടപ്പെടുകയും ചെയ്യും. ഇത് കുട്ടികളെയും ബാധിക്കും. ഇതുമൂലം കുട്ടികളിൽ വൈകാരികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പലപ്പോഴും പഠനത്തെയും തടസ്സപ്പെടുത്തും.
സാധാരണയായി കുട്ടികളിൽ ഒരു “social role model hypothesis’ പ്രവർത്തിക്കുന്നുണ്ട്. അതായത്, കുട്ടികൾ ആരെയാണോ കണ്ടുവളരുന്നത് ആ വ്യക്തി അവരുടെ സ്വഭാവ രൂപവത്കരണത്തെ ഏറെ സ്വാധീനിക്കും. ആൺകുട്ടികളിൽ സാധാരണ അച്ഛൻമാരാണ് മാതൃക. പെൺകുട്ടികൾക്ക് സ്വാഭാവികമായും അമ്മയും. അതിനാൽതന്നെ മാതാപിതാക്കളിലെ “dominant submissive’ സ്വഭാവങ്ങൾ കുട്ടികളിലും അതുപോലെയെത്തും.
ഭാര്യയാണ് വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് എങ്കിൽ പെൺകുട്ടി സ്വാഭാവികമായും അതുപോലെയാകും. ഇത്തരത്തിൽ വളരുന്ന കുട്ടികളുടെ ഭാവിജീവിതത്തിലും അത് വളരെ പ്രകടമാകും.അവരായിരിക്കാം ഒരു പക്ഷെ “അമ്മയുടെ പ്രിയപ്പെട്ട മകൻ’, “ചെല്ലക്കുട്ടി’ എന്നൊക്കെ നമ്മൾ കളിയാക്കുന്നവരാകുന്നത്. അതിനാൽ തന്നെ ഒരു പങ്കാളി എപ്പോഴും “adjustable’ ആകുന്നതാണ് എപ്പോഴും നല്ലത്. വിജയിക്കുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീയുണ്ടായിരിക്കും എന്നൊരു പഴമൊഴിയുണ്ട്. അത് തികച്ചും ശരിയാണ്. എല്ലാ വിഷയങ്ങളിലും ഭാര്യമാരെയും പരിഗണിച്ചാൽ, ഉത്തരവാദിത്വങ്ങൾ അവർക്കുകൂടി ഭാഗിച്ച് കൊടുത്താൽ ജീവിതം സുന്ദരമാകും. കാര്യങ്ങൾ ഒറ്റക്ക് മാനേജ് ചെയ്യുന്നതിലെ സമ്മർദം കുറയും.