Kuwait
കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടു; പരാതിയുമായി രക്ഷിതാക്കള്‍
മക്കളെ ചികിത്സിക്കാനും അവരുടെ പെരുമാറ്റം നന്നാക്കാനും പുനരധിവസിപ്പിക്കാനും ബന്ധപ്പെട്ട അതോറിറ്റികളോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍, തങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നും അവരുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടതായും പൗരന്മാരും താമസക്കാരുമായ 340ഓളം രക്ഷിതാക്കള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്. മക്കളെ ചികിത്സിക്കാനും അവരുടെ പെരുമാറ്റം നന്നാക്കാനും പുനരധിവസിപ്പിക്കാനും ബന്ധപ്പെട്ട അതോറിറ്റികളോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഈ നടപടി വിനാശകരമായ വിപത്തിന്റെ അപകടങ്ങളെ ക്കുറിച്ചുള്ള സമൂഹത്തിന്റെ അവബോധം വര്‍ധിക്കുന്നതിന് നല്ലതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തായ യുവ സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന മാരക വിപത്ത് തടയുക തന്നെ വേണം. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ തടയുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്.
അതേസമയം, രാജ്യത്തെ കോടതികളില്‍ മയക്കുമരുന്ന് കേസുകള്‍ സര്‍വ സാധാരണമായി മാറിയതായും റിപ്പോര്‍ട്ടുണ്ട്. ചിലപ്പോള്‍ പരിഗണനയിലുള്ള കേസുകളുടെ പകുതിയോളം വരെ എത്തുന്ന അവസ്ഥയാണുള്ളത്. ദുരുപയോഗം, കടത്ത്, വില്‍പന എന്നിങ്ങനെ എല്ലാത്തരം കേസുകളും വര്‍ധിച്ചിട്ടുണ്ട്. 10 വര്‍ഷത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട 15,000 കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പ്രതിവര്‍ഷം 1,500 ആയി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തിനകത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി അഭിഭാഷകര്‍ സ്ഥിരീകരിച്ചു. ദുരുപയോഗവും അമിത ഡോസും കാരണം 800ഓളം പൗരന്മാരും താമസക്കാരും മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.