Health
കുട്ടികളെ വായു മലിനീകരണത്തില്‍ നിന്ന് രക്ഷിക്കാം
കുട്ടികളെ മോശം വായുവില്‍നിന്ന് സംരക്ഷിക്കാന്‍ എപ്പോഴും പുറത്ത് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുക.
വായു മലിനീകരണം ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍. എന്നാല്‍ കുറച്ച് ശ്രദ്ധിച്ചാല്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ പറ്റും. കുട്ടികളെ മോശം വായുവില്‍നിന്ന് സംരക്ഷിക്കാന്‍ എപ്പോഴും പുറത്ത് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുക. വായു മലിനീകരണത്തില്‍നിന്ന് രക്ഷതേടാനുള്ള പ്രഥമ കാര്യമാണിത്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) നിരീക്ഷിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ഒരു നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് എത്രയാണെന്ന് അടയാളപ്പെടുത്തുന്നതാണ് എക്യുഐ. ഇതില്‍ പോയിന്റ് കൂടുന്നതനുസരിച്ച് മലിനീകരണം കൂടുന്നു എന്നാണ് അര്‍ത്ഥം.
ഡല്‍ഹിയില്‍ എക്യുഐ 500ന് അടുത്താണ്. എക്യുഐ 100ന് മുകളില്‍വന്നാല്‍ തന്നെ അനാരോഗ്യകരമാണെന്നാണ്. കോഴിക്കോട് എക്യുഐ ശരാശരി 80 ആണ്. മലിനീകരണം കൂടുതലുള്ള സമയങ്ങളില്‍, പ്രത്യേകിച്ച് കനത്ത ട്രാഫിക്കിന് സമീപം കുട്ടികളുടെ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന മലിനീകരണ സമയത്ത് ജനലുകള്‍ അടച്ചിടുന്നതും എയര്‍ പ്യൂരിഫയറുകള്‍ വീടിനുള്ളില്‍ ഉപയോഗിക്കുന്നതും വീട്ടിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നതിനും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ സമീകൃതാഹാരം കുട്ടികള്‍ക്ക് നല്‍കണം. ത്വക്കില്‍ നിന്നും മുടിയില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍, കൈകള്‍ കഴുകി, കുളിച്ചുകൊണ്ട് വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നീളന്‍ കൈയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും തൊപ്പികള്‍ ധരിക്കുന്നതും ചര്‍മ്മത്തെയും മുടിയെയും കൂടുതല്‍ സംരക്ഷിക്കും. പാര്‍ക്കുകള്‍ പോലുള്ള ഹരിത ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് മലിനമായ പ്രദേശങ്ങളില്‍ നിന്ന് ഉന്മേഷദായകമായ മാറ്റം നല്‍കുന്നു. കൃത്യമായ വ്യായാമവും മതിയായ ഉറക്കവും പോലുള്ള ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് മൊത്തത്തിലുള്ള പ്രതിരോധശേഷി ഉണ്ടാക്കാന്‍ സഹായിക്കുന്നു.