International
കനല് താണ്ടുന്ന കുഞ്ഞുങ്ങൾ
ഒരു വർഷമായി ഇസ്‌റാഈൽ ആക്രമണങ്ങളിൽ 17,000ത്തിലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു.
ഗസ്സ | ദാർ അൽ ബലാഹിലെ പിഞ്ഞിപ്പറിഞ്ഞ കൂടാരത്തിനുള്ളിൽ അമ്മാർ അൽ അമൂറും സാറയും ബിലാൽ അബൂ ഹതാബും എങ്ങുനിന്നോ പാറിവന്ന കടലാസ് കഷ്ണങ്ങൾ കൈകളിൽ ചുരുട്ടി പോയ്മറഞ്ഞ സായാഹ്നങ്ങളിലെ ഓർമകളിൽ പന്തെറിഞ്ഞു കളിച്ചു… തൊട്ടപ്പുറത്ത് മണൽപരപ്പിൽ വിരിച്ച ചാക്കുകളിലിരുന്ന് തിരമാലകളെ നോക്കി സുന്ദരമായ സ്‌കൂൾ ഓർമകളിൽ മുതിർന്ന കുട്ടികൾ ബാക്കിയായി കിട്ടിയ പാഠപുസ്തകങ്ങൾ ഉറക്കെ വായിച്ചു… കിട്ടിയ റൊട്ടിക്കഷ്ണത്തിൽ വിശപ്പടങ്ങാതെ ഇസ്മാഈൽ അൽ തനാനിയും ഹൂർ അൽ സാമിയും ഹല അൽ രിഫിയും ഉമ്മമാരുടെ മാറിൽ കിടന്ന് തേങ്ങുകയാണ്… വർത്തമാന ഗസ്സയിലെ കുഞ്ഞുങ്ങൾ കടന്നുപോകുന്ന ദിനരാത്രങ്ങളോരോന്നും നരകതുല്യമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും.
ഒരു വർഷമായി ഇസ്‌റാഈൽ ആക്രമണങ്ങളിൽ 17,000ത്തിലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ആയുധങ്ങളുടെ ചൂടും ചൂരുമേറ്റ ഖാൻ യൂനുസിലും ദാർ അൽ ബലാഹിലും നുസ്വീറാത്തിലും കൂടാരങ്ങളിൽ കഴിയുന്ന കുട്ടികളുടെ ചങ്കുറപ്പും കരളുറപ്പും പോരാളികൾക്ക് സമാനമായിരിക്കുന്നു. ഒരുനാൾ തങ്ങളുടേത് മാത്രമായ രാഷ്ട്രം വരുമെന്ന ഉമ്മമാരുടെ കഥ കേട്ട് അവരും പ്രതീക്ഷയുടെ ഭാവിയിലേക്ക് നോക്കുകയാണ്.
കഴിഞ്ഞ ഒക്‌ടോബർ ഏഴിന് ശേഷം ഇസ്‌റാഈൽ വിതച്ച മാരകമായ ആക്രമണത്തിൽ ഓരോ 15 മിനുട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ദി ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ തന്നെ വ്യക്തമാക്കിയിരുന്നു. ഗസ്സയിലെ 95 ശതമാനം കുട്ടികളും യുദ്ധത്തിന്റെ മാനസിക പ്രത്യാഘാതങ്ങളുമായി ജീവിക്കുന്നവരാണ്. ഇതിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾ അനാഥരായി മാറി. മാതാവോ പിതാവോ അല്ലെങ്കിൽ രണ്ട് പേരും കൊല്ലപ്പെട്ടത് പോലും അറിയാതെ നൂറുകണക്കിന് കുഞ്ഞുങ്ങൾ അഭയകൂടാരങ്ങളിൽ ജീവിക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭീകരതയാണ് ഈ കുഞ്ഞുങ്ങൾ അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ചിൽഡ്രൻസ് ഫണ്ടായ യൂനിസെഫ് പറയുന്നു.
◆ രക്തം ചിന്തുന്ന അഭയകേന്ദ്രങ്ങൾ
കൺമുന്നിൽ മാതാപിതാക്കൾ മരിച്ചുവീഴുന്നത് കാണുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ നിലവിളികൾ ഇസ്‌റാഈലും അവർക്ക് ഒത്താശ ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളും കേൾക്കുന്നില്ല. സ്‌കൂളുകൾ താത്കാലിക അഭയ കേന്ദ്രങ്ങളായതോടെ വിദ്യാഭ്യാസം നിർത്തിവെക്കേണ്ട അവസ്ഥയിലെത്തി. താത്കാലിക കൂടാരങ്ങളിൽ യു എൻ വളണ്ടിയർമാരും മറ്റുമെത്തി പരിമിതമായി ലഭ്യമായ പാഠപുസ്തകങ്ങളുമായാണ് ഇവരെ പഠിപ്പിക്കുന്നത്.
അതിനിടെ, അഭയകേന്ദ്രങ്ങളായ യു എൻ സ്‌കൂളുകൾക്ക് നേർക്ക് വരെ ഇസ്‌റാഈൽ വിമാനങ്ങൾ ബോംബുകളെറിയുന്നു. കുഞ്ഞുങ്ങളുടെ പഠനാവകാശം നഗ്നമായി ലംഘിച്ച് യു എൻ സ്‌കൂളുകളും എജ്യുക്കേഷൻ എബൗ ആൾ ഫൗണ്ടേഷന് കീഴിലുള്ള സ്‌കൂളുകളും തരിപ്പണമാക്കി.
ആക്രമണത്തിന്റെ ആരംഭത്തിൽ വർഷാവസാന പൊതുപരീക്ഷ പോലും എഴുതാനാകാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ഭാവി ഇരുളടയുന്നത് നോക്കാൻ ഇസ്‌റാഈലിനും സഖ്യകക്ഷികൾക്കും കണ്ണില്ല. നാൽപ്പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങൾക്ക് പരീക്ഷയെഴുതാനായില്ലെന്ന് സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപോർട്ട് ചെയ്തിരുന്നു. അതിനിടെ, പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ നിരവധി കുട്ടികൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ മരണം വരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടികൾ മതിയായ ചികിത്സ ലഭിക്കാതെ ആശുപത്രിക്കിടക്കയിലും സ്വപ്‌നം ബാക്കിയാക്കി നാഥനിലേക്ക് മടങ്ങി.
◆ ഒട്ടിയ വയർ
ക്രൂരമായ ആക്രമണത്തിന്റെ ബാക്കിപത്രമായ കൊടുംപട്ടിണിയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത് ഗസ്സയുടെ മറ്റൊരു രോദനമാണ്. വിശപ്പടക്കാനാകാതെയും പോഷകാഹാരം ലഭിക്കാതെയും മലിനജലം കുടിച്ചും കുഞ്ഞുങ്ങൾ മരിക്കുമ്പോൾ ഐക്യരാഷ്ട്രസഭയടക്കമുള്ളവർക്ക് മുന്നറിയിപ്പുകൾ നൽകാൻ മാത്രമേ സാധിക്കുന്നുള്ളൂ. യുദ്ധം അവസാനിപ്പിക്കുന്നതിലെ വൻകിട രാജ്യങ്ങളുടെ മൗനം ആക്രമണം തുടരാനുള്ള ഗ്രീൻ സിഗ്നലാക്കി ഇസ്‌റാഈൽ മാറ്റുകയാണ്.
ഈജിപ്ത് അതിർത്തിയിൽ ഭക്ഷ്യസാധനങ്ങളുമായി കാത്തുകിടക്കുന്ന ട്രക്കുകളെ നോക്കി നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീർ കാഴ്ചകളും ഇസ്‌റാഈലിന്റെ മനസ്സിന് ഒരു ഇളക്കവും തട്ടിച്ചിട്ടില്ല. അതിനിടെ, ഏഴ് ഷക്കൽ (160 രൂപ) ഉണ്ടായിരുന്ന ഒരു കിലോ അരിയുടെ വില 60-80 ഷക്കൽ ആയി ഉയരുകയും ചെയ്തു. ചീഞ്ഞ ചോളവും കാലിത്തീറ്റയും മലിനജലവും കുടിച്ച് ഗസ്സയുടെ മണ്ണിൽ കുഞ്ഞുങ്ങൾ തളർന്നുവീണു.
◆ നിയമങ്ങൾക്ക് എന്ത് വില
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെ കൊല്ലുന്നതും ലക്ഷ്യമിടുന്നതും നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഗസ്സയുടെ ആകാശത്ത് ആക്രമണ ദാഹവുമായി പറക്കുന്ന ഇസ്‌റാഈൽ പോർ വിമാനങ്ങൾക്ക് കുറവില്ല. കുട്ടികളെ സംരക്ഷിക്കുകയും മാനുഷികമായി പരിഗണിക്കുകയും ചെയ്യണമെന്ന 1949ലെ ജനീവ കൺവെൻഷനുകൾക്ക് കടലാസ് വില പോലും ഇസ്‌റാഈൽ നൽകുന്നില്ല. സ്‌കൂളുകൾ, ആശുപത്രികൾ, അഭയ കൂടാരങ്ങൾ… വർത്തമാന ലോകത്തിന് പരിചിതമില്ലാത്ത ആക്രമണങ്ങളുടെ നിര തീർക്കുകയാണ് ഗസ്സയിൽ ഇസ്‌റാഈൽ. ഈദുൽ ഫിത്വറിനെ കാത്തിരിക്കുന്ന ഫലസ്തീനികളുടെ കൂടാരങ്ങൾക്ക് മേൽ ബോംബുകൾ വർഷിച്ച ഇസ്‌റാഈൽ ക്രൂരതയിൽ ചിന്നിച്ചിതറിയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഉയർത്തി ഓസ്‌ലോയിലും സിഡ്‌നിയിലും പാരീസിലും ഒട്ടാവയിലും… എണ്ണമറ്റ ലോക നഗരങ്ങളിൽ പ്രതിഷേധം അലയടിച്ചിട്ടും കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് അവർ അവസാനിപ്പിക്കുന്നില്ല. യുദ്ധക്കുറ്റമാണിതെന്ന് ആംനസ്റ്റി ഇന്റർനാഷനൽ വിളിച്ചുപറയുമ്പോഴും സ്‌ഫോടനങ്ങളിൽ മാത്രമാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ശ്രദ്ധ.