International
ആവശ്യത്തിന് തുണികള്‍ പോലുമില്ല; ഫലസ്തീനില്‍ തണുപ്പിനെ പ്രതിരോധിക്കാനാവാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നു
ശൈത്യകാലത്തെ കൊടും തണുപ്പ് യുദ്ധഭൂമിയില്‍ കനത്ത വെല്ലുവിളി

ഗസ്സ സിറ്റി | ഇസ്‌റാഈല്‍ അധിനിവേശം തുടരുന്ന ഫലസ്തീനില്‍ അതിശൈത്യം തുടങ്ങിയതോടെ ജീവിതം അതീവ ദുസ്സഹമായി. ശൈത്യകാലത്തെ കൊടും തണുപ്പ് യുദ്ധഭൂമിയില്‍ കനത്ത വെല്ലുവിളിയായിട്ടുണ്ട്. അഭയാര്‍ഥി ക്യാമ്പുകളില്‍ പോലും ആവശ്യത്തിന് വസ്ത്രങ്ങളും തുണികളുമില്ല. ഇതോടെ ഗസ്സയില്‍ അതിശൈത്യത്തില്‍ നവജാതശിശുക്കള്‍ തണുത്ത് വിറച്ച് മരിക്കുകയാണ്.
തെക്കന്‍ ഗസ്സയിലെ അല്‍ മവാസിയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് കുട്ടികള്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരിച്ചു. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ഗസ്സ ആരോഗ്യ മന്ത്രാലയവും വെളിപ്പെടുത്തി.
ശൈത്യം തുടങ്ങിയതോടെ ഗസ്സയില്‍ താപനില ഏറ്റവും താഴ്ന്ന നിലയിലായി. അഭയാര്‍ഥി ക്യാമ്പിലടക്കം താപനില ക്രമീകരിക്കാനുള്ള സൗകര്യമില്ല. തണുപ്പ് സഹിക്കാനാകാതെ കുഞ്ഞുങ്ങളും പ്രായമയവരും മരണ ഭീതിയിലാണ്.
റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അല്‍- മവാസിയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഭവനരഹിതരായ ആയിരക്കണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിര്‍മിച്ച താത്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം. കുഞ്ഞുങ്ങളെ തുണികളില്‍ പൊതിഞ്ഞ് ശരീരതാപനില ക്രമീകരിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍, വസ്ത്രങ്ങള്‍ കുറവായതിനാല്‍ അധികനേരം ഇത് തുടരാന്‍ സാധിക്കുന്നില്ല. തണുപ്പ് കൂടുമ്പോള്‍ കുഞ്ഞുങ്ങളുടെ മുഖം നീല നിറമായി മാറിയതായും ബന്ധുക്കള്‍ വ്യക്തമാക്കി.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ മേഖലയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന ആക്രമണങ്ങളില്‍ ഗസ്സ ജനവാസ യോഗ്യമല്ലാതായതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവശ്യ ചികിത്സയോ ഭക്ഷണമോ മറ്റ് സഹായങ്ങളോ ലഭിക്കാതെയാണ് മുനമ്പിലെ അവശേഷിക്കുന്ന ജനങ്ങള്‍ ജീവിതം തള്ളി നീക്കുന്നത്.