National
കുട്ടികൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാം; പഠനാവശ്യത്തിന് ഉപയോഗിക്കുന്നില്ല- റിപ്പോർട്ട്
രാജ്യത്തെ 14 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 82 ശതമാനത്തിൽ അധികം പേർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാമെന്ന് വാർഷിക വിദ്യാഭ്യാസ സ്ഥിതി റിപ്പോർട്ട്
ന്യൂഡൽഹി | രാജ്യത്തെ കൗമാരക്കാരായ വിദ്യാർത്ഥികളിൽ 80 ശതമാനത്തിൽ അധികം പേർക്കും സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാമെന്നും ഇതിൽ പഠനാവശ്യത്തിന് ഫോൺ ഉപയോഗിക്കുന്നവർ കുറവെന്നും റിപ്പോർട്ട്. ചൊവ്വാഴ്ച പുറത്തിറങ്ങിയ വാർഷിക വിദ്യാഭ്യാസ സ്ഥിതി റിപ്പോർട്ട് (ASER) ആണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ 14 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 82 ശതമാനത്തിൽ അധികം പേർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിൽ 57 ശതമാനം പേർ മാത്രമേ പഠനാവശ്യത്തിന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുള്ളൂ. അതേസമയം 76% പേർ അതേ കാലയളവിൽ സോഷ്യൽ മീഡിയക്കായി സ്മാർട്ട് ഫോൺ ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്. കോവിഡ് കാലത്ത് സർക്കാർ സ്കൂളുകളിലേക്കുള്ള പ്രവേശനം വൻതോതിൽ ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
2018ൽ ആറിനു 14നും ഇടയിലുള്ള 65.6 ശതമാനം പേരാണ് സർക്കാർ സ്കൂളിൽ പ്രവേശനം നേടിയതെങ്കിൽ മഹാമാരി കാലത്ത് 72.9 ശതമാനം പേർ പ്രവേശനം നേടി. 2024ൽ ഇത് വീണ്ടും 66% ത്തിലേക്ക് കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
605 ജില്ലകളിലായി 17,997 ഗ്രാമങ്ങളിലെ 6.49 ലക്ഷം കുട്ടികളിൽ സർവ്വേ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.